അന്ത്യോദയ സ്പെഷ്യലിന് വർക്കല ശിവഗിരിയിൽ സ്റ്റോപ്പ്‌

തിരുവനന്തപുരം: രാത്രികാല ഫുൾ അൺറിസർവ്ഡ് സർവീസായ അന്ത്യോദയ സ്പെഷ്യലിന് വർക്കല ശിവഗിരിയിൽ സ്റ്റോപ്പ് അനുവദിച്ചു. തിങ്കളാഴ്ചകളിൽ ഓഫീസുകളിലേക്കും ആശുപത്രികളിലേക്കും യാത്ര ചെയ്യുന്നവർക്കും തലസ്ഥാന നഗരിയിലെത്താൻ വൈകുന്നേരങ്ങളിലെ വലിയ തിരക്ക് ഒഴിവാക്കാൻ ഏറ്റവും അനുയോജ്യമായ സർവീസായാണ് അന്ത്യോദയയെ യാത്രക്കാർ സ്വാഗതം ചെയ്യുന്നത്.

മലബാർ, മാവേലി എക്സ്പ്രസ്സുകളിലെ തിരക്കുകൾ താങ്ങാനാകാതെ യാത്രക്കാർ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിലാണ് അന്ത്യോദയ യാത്രക്കാർക്ക് വലിയൊരു ആശ്വാസമായിരിക്കുന്നത്. 16 കോച്ചുകളുള്ള ഫുൾ ജനറൽ സർവീസ് മാത്രമാണെന്നതാണ് ഈ ട്രെയിനിന്റെ പ്രത്യേകത.

തിരക്കിന് ആശ്വാസം

വർക്കല ശിവഗിരിയിലേയ്ക്കും തിരുവനന്തപുരം ഭാഗത്തേയ്ക്കും മലബാർ മേഖലയിൽ നിന്നുള്ള രാത്രിയാത്രകൾ ഏറെ ദുരിതകരമായിരുന്നു. എന്നാൽ ചൊവ്വാഴ്ചകളിൽ മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന അന്ത്യോദയ സർവീസ്, യാത്രക്കാർക്ക് വലിയൊരു സഹായമാകുകയാണ്.

IRCTC ആപ്പിൽ വിവരമില്ല

ഫുൾ ജനറൽ സർവീസായതിനാൽ IRCTC യുടെ ബുക്കിംഗ് ആപ്പുകളിൽ ട്രെയിനിന്റെ വിവരം ലഭ്യമല്ല. ഇതു മൂലം പലർക്കും സർവീസ് അറിയാതെ പോകുന്ന സാഹചര്യമുണ്ട്. അതേസമയം, മലബാർ, മംഗലാപുരം എക്സ്പ്രസ്സുകളിലെ തിരക്ക് ഈ സേവനത്തിന് ആവശ്യക്കാരുണ്ടെന്നതിന് തെളിവാണ്.

ചികിത്സാർഥികൾക്കും ഓഫീസുകാരനും ആശ്വാസം

ഓഫീസ് ആവശ്യങ്ങൾക്കും മെഡിക്കൽ കോളേജ്, ശ്രീചിത്തിര, RCC പോലുള്ള പ്രധാന ആശുപത്രികളിലേക്കും പോകുന്നവർക്ക് വൈകുന്നേരം വടക്കോട്ടുള്ള മടങ്ങിയാത്രകൾ ഏറെ കഠിനമാണ്. റിസർവേഷൻ ലഭിക്കാത്തതിനാൽ ജനറൽ കോച്ചിൽ തിങ്ങിനിറഞ്ഞു യാത്ര ചെയ്യേണ്ടി വരുന്ന നിരവധിപേരിന്, അന്ത്യോദയ സർവീസ് വലിയൊരു അനുഗ്രഹമായി മാറിയിരിക്കുകയാണ്.

വിനോദസഞ്ചാരികൾക്കും പ്രയോജനം

ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, ലുലു തുടങ്ങിയ സ്ഥലങ്ങൾ ഒരു ദിവസം കൊണ്ടു സന്ദർശിച്ച് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് രാത്രി 9.45ന് കൊച്ചിയിൽ നിന്ന് മംഗലാപുരത്തേക്ക് സർവീസ് ലഭ്യമാകുന്നത് വലിയൊരു സൗകര്യമാണെന്ന് യാത്രക്കാർ അഭിപ്രായപ്പെടുന്നു.

മണ്ഡലകാല തിരക്കിനും പരിഹാരം

മൺസൂൺ, നോൺ മൺസൂൺ സമയക്രമം പാലിച്ച് സർവീസ് നടത്തുന്ന അന്ത്യോദയ, പ്രത്യേകിച്ച് മണ്ഡലകാലത്ത് ഉയരുന്ന തിരക്കിനും ഗതാഗത പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.