തിരുവനന്തപുരത്തെ സിനിമ പ്രേമികളുടെ വികാരവും ഓർമ്മകളും നിറഞ്ഞ ശ്രീകുമാർ–ശ്രീവിശാഖ് തിയേറ്ററുകൾ പുതുക്കിപ്പണിയലിനു ശേഷം വീണ്ടും തുറക്കുന്നു. തിരുവനന്തപുരത്തു ഏറ്റവും പ്രശസ്തമായ തിയേറ്റർ കോംപ്ലക്സ് മെറിലാൻഡ് സിനിമാസിന്‍റെ ഉടമസ്ഥതയിലാണ്. ശ്രീകുമാറിനും ശ്രീവിശാഖിനും മലയാള സിനിമയുടെ ചരിത്രത്തിൽ പ്രത്യേക സ്ഥാനം തന്നെയുണ്ട്. നിരവധി നടന്മാരും സംവിധായകരും അവരുടെ ചിത്രങ്ങൾ ആദ്യമായി പ്രേക്ഷകരിലേക്ക് എത്തിച്ചത് ശ്രീകുമാർ–ശ്രീവിശാഖ് തിയേറ്ററുകളിലൂടെയായിരുന്നു. ശ്രീകുമാർ തിയേറ്ററിലെ മോഹൻലാൽ ചിത്രങ്ങളുടെ ആദ്യ ദിന ഷോ തലസ്ഥാനത്തെ സിനിമ ആരാധകരുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു.
1948-ൽ മെറിലാൻഡ് സ്റ്റുഡിയോസിന്‍റെ ഉടമ പി. സുബ്രഹ്മണ്യം ശ്രീകുമാർ തിയേറ്റർ മലയാളി പ്രേക്ഷകർക്കു സമ്മാനിച്ചു. 1978-ൽ രണ്ടാമത്തെ സ്ക്രീൻ ശ്രീവിശാഖും പ്രവർത്തനം ആരംഭിച്ചു. മോഹൻലാൽ, പ്രിയദർശൻ തുടങ്ങിയവർ സ്കൂൾ–കോളജ് കാലഘട്ടത്തിൽ സ്ഥിരമായി സിനിമ കാണാൻ എത്തുന്നത് ഇവിടെയായിരുന്നു. പിന്നീട്, ഈ തീയേറ്റർ സമുച്ചയം അവരുടെ സിനിമ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതായി മാറി.
മലയാള സിനിമയുടെ തുടക്കകാലം മുതൽ 2020 വരെ എല്ലാ താരങ്ങളുടെയും സിനിമകൾ ശ്രീകുമാർ തിയേറ്ററിൽ പ്രദർശിപ്പിച്ച ചരിത്രം ഉണ്ട്. മോഹൻലാൽ ചിത്രങ്ങളെ ഏറ്റവും കൂടുതൽ ദിവസങ്ങൾ പ്രദർശിപ്പിച്ച റെക്കോർഡും ഈ തിയേറ്ററിന് സ്വന്തമാണ്.
പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി തിയേറ്ററുകള്‍ അനിശ്ചിതകാല പ്രവർത്തനരഹിതമായിരുന്നപ്പോൾ തിയേറ്റർ പൊളിക്കപ്പെടുമോ എന്ന ആശങ്കയിലായിരുന്നു പ്രേക്ഷകര്‍.
ചലച്ചിത്ര നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം ശ്രീകുമാർ–ശ്രീവിശാഖ് തിയേറ്ററുകൾ അത്യാധുനിക സജ്ജീകരണങ്ങളോടെ തിരിച്ചുവരുമെന്ന് സ്ഥിരീകരിച്ചു. രണ്ട് തിയേറ്ററുകളെ വിഭജിച്ച് നാല് സ്ക്രീനുകൾ ആക്കി മാറ്റാനാണ് പദ്ധതി.
പഴയ കെട്ടിടം പുതുക്കുന്നതിന്‍റെ സാങ്കേതിക വിശദാംശങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതാണ് പുനർനിർമ്മാണത്തിന് കൂടുതൽ സമയം എടുക്കേണ്ട കാരണം. വളരെ പഴയ നിർമ്മിതി ആയതുകൊണ്ട് തന്നെ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. കെട്ടിടത്തിന്‍റെ ബലക്കുറവുകള്‍ കൂടി മനസിലാക്കി വേണം എന്തൊക്കെ ഒഴിവാക്കണം എന്തൊക്കെ നിലനിർത്തണമെന്ന് തീരുമാനിക്കാൻ. ഏറ്റവും ആധുനിക ദൃശ്യ-ശ്രവ്യ മികവോടെ ശ്രീകുമാർ–ശ്രീവിശാഖ് തിയേറ്ററുകൾ തിരുവനന്തപുരത്തിന്‍റെ ഹൃദയഭാഗത്ത് വീണ്ടും തലയുയർത്തി നിൽക്കുമെന്നാണ് വിശാഖ് സുബ്രഹ്മണ്യത്തിന്‍റെ ഉറപ്പ്.
