കുളിച്ചു ഭസ്മമണിഞ്ഞ്, കൊലച്ചോറുണ്ട്, നാലുംകൂട്ടി മുറുക്കി വീട്ടിൽ നിന്നും യാത്രപറഞ്ഞിറങ്ങും. എല്ലാം യുദ്ധ മുറപ്രകാരം. ഒരുകുടി, ഏഴുകുടി ഓണത്തല്ലിൽ കച്ചകെട്ടിയിറങ്ങുന്നത് രണ്ട് ദേശങ്ങളിലെ യോദ്ധാക്കൾ. രണ്ട് കളരിയിൽ നിന്നും പൊന്തിയുമായെത്തുന്ന ദേശ പ്രധാനികൾക്കൊപ്പം ആ൪പ്പുവിളിച്ച് തല്ലുമന്ദത്തേക്ക്. യുദ്ധാരവത്തെ അനുസ്മരിപ്പിക്കുന്ന 'ധൂയ്' വിളികളോടെ ഇരുചേരിക്കാരുടെയും നിരയോട്ടം, പിന്നെ തല്ലിന്റെ പൊടിപൂരം.
ഇരു ചേരികളിൽ നിന്നും സമാന ശരീര പ്രകൃതമുള്ളവ൪ തമ്മിലാണ് തല്ല്. കൈകൾ രണ്ടും ഉയർത്തി ഒരുകാൽ മുന്നോട്ടുവെച്ച്, കൈകൾ കോർത്തുപിടിച്ച് പുറം തിരിഞ്ഞുനിൽക്കും. മറുചേരിയിലുള്ളയാൾ കൈ പരത്തിപ്പിടിച്ച് പുറത്തേക്ക് ആഞ്ഞടിക്കും. പിന്നെ തല്ലിയയാൾക്ക് തല്ലുകൊണ്ടയാൾ വക തിരിച്ചടി. ഇങ്ങനെ പരസ്പരം തല്ലിപ്പിരിയും. തല്ലിനുശേഷം യോദ്ധാക്കളുടെ മെയ്യഭ്യാസപ്രകടനം, വള്ളിച്ചാട്ടം, കുളംചാട്ടം. പിന്നെ ഉപചാരം ചൊല്ലി പിരിയൽ.