ന്യൂഡല്‍ഹി പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ ഇല്ലാത്തതിനെതിരെ സുപ്രിംകോടതി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. ദൈനിക് ഭാസ്‌കര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് നടപടി. ഈ വര്‍ഷം മാത്രം 11 പേര്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് എടുത്തത്.

മുമ്പ് തന്നെ രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ശബ്ദം റെക്കോര്‍ഡ് ചെയ്യാനും രാത്രികാല നിരീക്ഷണവും നടത്താനുമുള്ള സൗകര്യങ്ങളോടെ സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമായി സ്ഥാപിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എന്‍സിബി, എന്‍ഐഎ തുടങ്ങിയ ഏജന്‍സികളുടെ ഓഫീസുകളിലും സിസിടിവി ഘടിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ലോക്കപ്പ് ഉള്‍പ്പെടെ സ്റ്റേഷനിലെ എല്ലാ ഭാഗങ്ങളിലും സിസിടിവി ഉണ്ടായിരിക്കണമെന്നും, ദൃശ്യങ്ങള്‍ കുറഞ്ഞത് 18 മാസം സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.