ഇന്ത്യയില്‍ എത്തിയത് 150 കാറുകള്‍, അതില്‍ 20 എണ്ണം കേരളത്തില്‍
ഭൂട്ടാനിൽ നിന്നുകൊണ്ടുവരുന്ന വാഹനങ്ങൾ പഴയ വാഹനങ്ങൾ എന്ന പേരിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിക്കുന്നു എന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ. 150 കാറുകളാണ് നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയത് എന്നാണ് വിവരം. അതില്‍ 20 എണ്ണം കേരളത്തിലാണ്. 8 തരം കാറുകളാണ് നികുതിവെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചത് എന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. വിദേശത്ത് നിന്ന് ആഡംബര വാഹനങ്ങൾ ഭൂട്ടാനിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ ചില ഇളവുകളുണ്ട്. ഈ വാഹനങ്ങൾ ഭൂട്ടാനിൽ വ്യാജ മേൽവിലാസം ഉണ്ടാക്കി അവിടെ രജിസ്റ്റർ ചെയ്യുകയും ഭൂട്ടാനിൽ നിന്നുള്ള വാഹനങ്ങൾ ആദ്യം ഹിമാചലിൽ രജിസ്റ്റർ ചെയ്യും. അവിടെ നിന്ന് ഇന്ത്യയിലെ പല ഭാഗത്തായി എത്തിക്കുന്നതാണ് രീതി. പീന്നീട് നമ്പർ മാറ്റും എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്തരത്തില്‍ വാഹനങ്ങൾ എത്തിക്കാൻ ഇന്ത്യയിൽ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. ഈ ഏജന്റുമാരെ കേന്ദ്രീകരിച്ച് കസ്റ്റംസ് കുറേകാലങ്ങളായി അന്വേഷണം നടത്തുകയായിരുന്നു. ഈ അന്വേഷണത്തിലാണ് ഉപഭോക്താക്കൾ ആരൊക്കെയാണെന്ന് കണ്ടെത്തിയത്. ഇവരിൽ പ്രമുഖ സിനിമാ താരങ്ങൾ, വ്യവസായികൾ എന്നിവർ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. സംസ്ഥാനത്തെ വിവിധ കാർ ഷോറൂമുകളിലും കസ്റ്റംസ് പരിശോധന നടത്തുണ്ട്. മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ചാണ് പരിശോധന.
