തിരുവനന്തപുരം ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി ക്രൂര മര്‍ദനത്തിന് ഇരയായി. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുന്‍ ജീവനക്കാരന്‍ ബിജുവിനാണ് മര്‍ദനമേറ്റത്. ബിജുവിനെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇയാളുടെ ജീവന്‍ നിലനിര്‍ത്തുന്നത്.പത്തനംതിട്ട സ്വദേശിയാണ് ബിജു. കഴിഞ്ഞ 13ന് വൈകിട്ടാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അത്യാസന്ന നിലയില്‍ ജില്ലാ ജയിലിലെ ഉദ്യോഗസ്ഥര്‍ എത്തിക്കുന്നത്. ആന്തരിക അവയവങ്ങള്‍ക്കടക്കം ക്ഷതമേറ്റിരുന്നു. 12ാം തിയതിയാണ് പേരൂര്‍ക്കട പൊലീസ് ബിജുവിനെ അറസ്റ്റ് ചെയ്തത്. സഹപ്രവര്‍ത്തകയെ ഉപദ്രവിച്ചു എന്ന പേരിലായിരുന്നു അറസ്റ്റ്. പിന്നീട് ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. പിന്നീട് ഇയാളെ ജില്ലാ ജയിലില്‍ എത്തിച്ചു. 13ാം തിയതി ബിജുവിനെ ജില്ലാ ജയിലിന് അകത്തുള്ള ഓടയ്ക്കകത്ത് അവശനിലയില്‍ കണ്ടെത്തി എന്നാണ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ നല്‍കിയിട്ടുള്ള വിശദീകരണം.മര്‍ദനമേറ്റു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പക്ഷേ, എവിടെ നിന്ന് മര്‍ദനമേറ്റു എന്നതില്‍ വ്യക്തതയില്ല. ബിജുവിന് മാനസികമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടി അന്വേഷിക്കുന്നുണ്ട്.