വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ് (ദേശീയപാതാ 866) പദ്ധതിയെച്ചൊല്ലിയുള്ള ആശങ്കകൾക്ക് വിരാമം.

വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ് (ദേശീയപാതാ 866) പദ്ധതിയെച്ചൊല്ലിയുള്ള ആശങ്കകൾക്ക് വിരാമം. നിലവിലെ അലൈൻമെന്റിൽ യാതൊരു മാറ്റവും വരുത്താതെ, പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ വഴിയൊരുങ്ങി. കുന്നുകൾ ഇടിച്ചു നിരത്തേണ്ട ഇടങ്ങളിൽ, പകരം ടണൽ പാതകൾ നിർമ്മിച്ച് വികസനവും, പ്രകൃതി സംരക്ഷണവും ഒരുമിച്ച് കൊണ്ടുപോകാനാണ് ദേശീയപാതാ അതോറിറ്റിയുടെ തീരുമാനം.

ഭൂമി ഏറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിൽ എത്തി നിൽക്കെ, അലൈൻമെന്റ് മാറ്റുന്നത് പദ്ധതിയെ അനിശ്ചിതത്വത്തിലാക്കുമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ഈ സുപ്രധാന തീരുമാനം. ഇതോടെ ഭൂമി വിട്ടു നൽകുന്ന ആയിരക്കണക്കിന് ഉടമകൾക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നത്. പുല്ലമ്പാറ, മാണിക്കൽ, പള്ളിച്ചൽ തുടങ്ങിയ പഞ്ചായത്തുകളിലെ പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇതോടെ ശാശ്വത പരിഹാരമാവുകയാണ്.

ടണൽ പാതകളുടെ സാധ്യത പഠിക്കുന്നതിനായി വിദഗ്ദ്ധ സമിതിയെ ഇതിനോടകം നിയോഗിച്ചു കഴിഞ്ഞു. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്നതോടെ പദ്ധതിക്ക് പുതിയ ഗതിവേഗം കൈവരും. ഒമ്പതിടങ്ങളിലാണ് പരിസ്ഥിതി സൗഹൃദപരമായ ടണലുകൾ പരിഗണനയിലുള്ളത്.

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ തലസ്ഥാനത്തിന്റെ വികസനത്തിന് കുതിപ്പേകുന്ന ഔട്ടർ റിംഗ് റോഡ് പദ്ധതി ഭൂവുടമകളുടെ ആശങ്കകൾ അകറ്റിയും, പ്രകൃതിയെ സംരക്ഷിച്ചും യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണ്. ഇത് കേരളത്തിന്റെ വികസന ചരിത്രത്തിലെ ഒരു പുതിയ ഹരിത മാതൃകയായി മാറും...