സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; 81,000ന് മുകളില്‍ തന്നെ

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് 82000 കടന്ന് മുന്നേറിയ സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്. 81,520 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 10,190 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 160 രൂപയാണ് കുറഞ്ഞത്.

ചൊവ്വാഴ്ച 82,080 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ചിരുന്നു. ഇതോടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയത്. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനയാണ് വിലയില്‍ പ്രതിഫലിച്ചത്.

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.


ആഗോളവിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. 3,654.29 ഡോളറായാണ് ഔണ്‍സിന്റെ വില കുറഞ്ഞത്. ബുധനാഴ്ച റെക്കോഡ് നിരക്കായ 3,707 ഡോളറിലെത്തിയതിന് പിന്നാലെയായിരുന്നു സ്വര്‍ണവില ഇടിഞ്ഞത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കുകളും ഇടിഞ്ഞിട്ടുണ്ട്. 0.8 ശതമാനം ഇടിവാണ് യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ രേഖപ്പെടുത്തിയത്. 3,690 ഡോളറായാണ് ഔണ്‍സിന്റെ വില കുറഞ്ഞത്.