മൈ ഫോണ്‍ നമ്പര്‍ ഈസ്..അല്ല, മൈ കാര്‍ നമ്പര്‍ ഈസ് 2255; കടുത്ത മത്സരത്തില്‍ ഫാന്‍സി നമ്പര്‍ ആന്റണിക്ക് സ്വന്തം

മൈ ഫോണ്‍ നമ്പര്‍ ഈസ് 2255… മോഹന്‍ലാല്‍ എന്ന നടന് സൂപ്പര്‍സ്റ്റാര്‍ഡം നല്‍കിയ രാജാവിന്റെ മകനിലെ ഈ ഡയലോഗ് ഓര്‍മയില്ലാത്തവര്‍ കുറവായിരിക്കും. ഡയലോഗ് ഹിറ്റാകുകയും ഫാന്‍സി നമ്പര്‍ പ്രചാരത്തിലാവുകയും ചെയ്തതോടെ ഈ നമ്പറിനുള്ള ഡിമാന്‍ഡ് വന്‍തോതിലാണ് ഉയര്‍ന്നത്.
വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നമ്പറിന് വേണ്ടി എറണാകുളം ആര്‍ടി ഓഫീസില്‍ നടന്നത് വാശിയേറിയ ലേലം വിളിയാണ്. ഒടുവില്‍ 3,20,000 രൂപയ്ക്ക് മോഹന്‍ലാലിന്റെ സന്തത സഹചാരിയും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂര്‍ ആ നമ്പര്‍ സ്വന്തമാക്കുകയും ചെയ്തു. കെഎല്‍ 07 ഡിഎച്ച് 2255 എന്ന നമ്പറാണ് ആന്റണി സ്വന്തമാക്കിയത്. 4 പേര്‍ ലേലത്തില്‍ പങ്കെടുത്തിരുന്നു. ഇനി ആന്റണി പെരുമ്പാവൂറിന് പറയാം മൈ കാര്‍ നമ്പര്‍ ഈസ് 2255

മോഹന്‍ലാല്‍ അടുത്തിടെ സ്വന്തമാക്കിയ കാരവാനിന്റെ നമ്പര്‍ 2255 ആയിരുന്നു. ആന്റണി പെരുമ്പാവൂരിന്റെ വോള്‍വോ എക്‌സ് സി 60 ആഡംബര എസ് യു വിയുടെ നമ്പറായിട്ടാണ് ഇത് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സൂചന. ഈ ആഡംബര വാഹനത്തിന് 72 ലക്ഷം രൂപയാണ് വില.

ഇനി പഴയൊരു കഥ കൂടെ പറയാം. യഥാര്‍ഥത്തില്‍ കോട്ടയം സ്വദേശിയായ ഡോ.ഐക്ക് സഖറിയുടേതായിരുന്നു ആ ഹിറ്റ് ഫോണ്‍ നമ്പര്‍. സംഗതി യാദൃച്ഛികമായിരുന്നെങ്കിലും ഫോണ്‍ നമ്പര്‍ ഉടമയെ കാണാന്‍ ഒരിക്കല്‍ സംവിധായകന്‍ ഡെന്നീസ് തോമസ് നേരിട്ട് എത്തിയിരുന്നു.