വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന് പറഞ്ഞ ഗുരു കേരളത്തിലുടനീളം വിദ്യാലയങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ മുന്‍കൈയെടുത്തു. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് വിദ്യയെന്നാണ് ഗുരു പറഞ്ഞത്. എല്ലാ അനാചാരങ്ങള്‍ക്കും എതിരെ പോരാടാനുളള ഗുരുവിന്‍റെ ആയുധവും വിദ്യ തന്നെയായിരുന്നു. മനുഷ്യന്‍റെ സമഗ്ര വികസനത്തിന് വേണ്ടിയായിരുന്നു ഗുരുവിന്‍റെ പ്രയത്നം. ആധ്യാത്മികവും ഭൗതികവും രണ്ടല്ല എന്നും അവ ഒന്നിന്‍റെ തന്നെ രണ്ട് വശമാണെന്നും ഗുരു പഠിപ്പിച്ചു. 'അവനവനാത്മസുഖത്തിന്നായാചരിപ്പതു അപരനുമാത്മാസുഖത്തിന്നായിവരേണം' എന്നും 'ഒരു പീഡയെറുന്പിനും വരുത്തരുത്' എന്നും ഗുരു പറഞ്ഞത്, മാനവഹൃദയത്തിന്‍റെ പൂര്‍ണത മുന്നില്‍ക്കണ്ടായിരുന്നു. ഗുരുവിന്‍റെ ജന്മദിനമായ ഇന്ന് നാടെങ്ങും ഘോഷയാത്രകളും ആഘോഷവും സമ്മേളനങ്ങളും നടക്കും.
ഗ്രാമങ്ങളും നഗരങ്ങളും പീതസാഗരമാകും. ആഘോഷങ്ങളുടെ ഭാഗമായി ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വർക്കല ശിവഗിരിയിലും വിവിധ പരിപാടികള്‍ നടക്കും. ശിവഗിരിയില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും ചെമ്പഴന്തി ഗുരുകുലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യാതിഥികളാകും. ശിവഗിരിയില്‍ രാവിലെ ഏഴുമണിക്ക് ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പതാക ഉയര്‍ത്തും. 9.30ന് ജയന്തി സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും.