160 കോടി കുടിശ്ശിക സര്‍ക്കാര്‍ നല്‍കില്ല; സംസ്ഥാനത്ത് ആന്‍ജിയോഗ്രാം ഉപകരണങ്ങളുടെ വിതരണം നിലച്ചു

സര്‍ക്കാര്‍ കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആന്‍ജിയോഗ്രാം ഉപകരണങ്ങളുടെ വിതരണം നിലച്ചു. ആഗസ്ത് വരെയുള്ള കുടിശ്ശിക നല്‍കുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ന് മുതല്‍ ഉപകരണ വിതരണം നിര്‍ത്തിവെക്കുന്നതായി വിതരണക്കാര്‍ അറിയിച്ചു. നിലവില്‍ 8 മാസത്തെ കുടിശ്ശികയായ 158 കോടിയോളം രൂപയാണ് വിതരണക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ കുടിശ്ശികയുള്ളത് കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ്.

ആഗസ്റ്റ് വരെയുള്ള കുടിശ്ശിക ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തന്ന് തീര്‍ക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇത് പാലിക്കാതായതോടെയാണ് സെപ്റ്റംബര്‍ 1 മുതല്‍ സംസ്ഥാനത്തൊട്ടാകെ ആന്‍ജിയോപ്ലാസ്റ്റി ,ആന്‍ജിയോഗ്രാം ഉപകരണങ്ങളുടെ വിതരണം നിര്‍ത്തുന്നതെന്ന് വിതരണക്കാരുടെ സംഘടാന പ്രതിനിധികള്‍ വ്യക്തമാക്കി.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റി നടത്താനുള്ള ഉപകരണങ്ങളില്ലത്തിനെ തുടര്‍ന്ന് ഹൃദയശസ്ത്ക്രിയ നിര്‍ത്തിവെച്ചിരുന്നു. ഉപകരണ വിതരക്കാര്‍ക്ക് നല്‍കാന്‍ കാരുണ്യഫണ്ടില്‍ നിന്ന് അടിയന്തരമായി രണ്ട് കോടി രൂപ കൈമാറുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.എന്നാല്‍ രണ്ടു കോടി കിട്ടിയതുകൊണ്ട് പ്രതിസന്ധി തീരില്ലെന്നും വിതരണക്കാര്‍ വ്യക്തമാക്കിയിരുന്നു