വൈദ്യുതി ബില്‍: 1000 രൂപ വരെ മാത്രം പണമായി അടയ്ക്കാം

തിരുവനന്തപുരം: വൈദ്യുതി ബില്ലടയ്ക്കുമ്പോള്‍ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കണമെന്ന തീരുമാനം കര്‍ശനമായി നടപ്പാക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. 1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഓണ്‍ലൈനായി മാത്രമേ അടയ്ക്കാന്‍ സാധിക്കൂ.

ഒരു ഓഫീസില്‍ രണ്ട് കാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നിടത്ത് ഒന്ന് നിര്‍ത്തലാക്കും. ജീവനക്കാരെ ഡിവിഷന്‍, സര്‍ക്കിള്‍ ഓഫീസുകളിലേക്കോ പൊതുസ്ഥലംമാറ്റത്തിലോ ഉള്‍പ്പെടുത്തും. ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സെക്ഷന്‍ ഓഫീസുകള്‍ക്കും ഇനി ഒരു കൗണ്ടര്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു.

ബില്ലടയ്ക്കുന്നതിനുള്ള സമയം കൂടി ചുരുക്കിയിട്ടുണ്ട്. ഇതുവരെ രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ പണം സ്വീകരിച്ചിരുന്നുവെങ്കില്‍, ഇനി രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെയാകും. 70 ശതമാനം ഉപഭോക്താക്കളും ഓണ്‍ലൈനായി ബില്‍ അടയ്ക്കുന്നതാണ് കൗണ്ടറുകള്‍ കുറയ്ക്കാന്‍ കാരണമായത്.