ജനാധിപത്യത്തിലേക്ക് തേര് തെളിച്ച വില്ലുവണ്ടി

മലയാളനാടിന് സാമൂഹിക നീതിയുടെയും സമത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കിയ സാമൂഹിക പരിഷ്‌ക്കര്‍ത്താവും നവോ ത്ഥാന പോരാളിയുമായിരുന്ന മഹത്മാ അയ്യന്‍കാളിയുടെ 162-ാമത് ജന്മദിനമാണിന്ന്. ഇടത് സാസ്‌കാരിക മേലാളന്മാരും സവര്‍ണ ചരിത്രപണ്ഡിതരും പതി റ്റാണ്ടുകള്‍ ചരിത്രത്തിന്റെ കാണാമറയത്തേക്ക് മാറ്റിനിര്‍ത്തിയെങ്കിലും ജ്ഞാനാന്വേഷികളുടെയും അംബേദ്ക്കറിസ്റ്റ് പ്രവര്‍ത്തകരുടെയും പഠനങ്ങള്‍ ആധിരമായ ജീവചരിത്രം വീണ്ടെടുക്കുകയായിരുന്നു. അയ്യന്‍കാളിയുടെ ചരിത്രമെന്നത് കേരളത്തിന്റെ സാമൂഹികക്രമത്തിലെ ജനാധിപത്യവല്‍ക്കരണത്തിന്റെ ആദ്യ ചുവടു തന്നെയാണ്.

കടുത്ത ജാതീയതയിലൂന്നിയ അനീതിയുടെ അയിത്ത കാലത്താണ് തിരുവനന്തപുരം വെങ്ങാന്നൂര്‍ ഗ്രാമത്തില്‍ പെരുങ്കാട്ടുവിള വിട്ടില്‍ അയ്യന്റെയും മാലയുടെയും മകനായി, 1863 ആഗസ്ത് 28ന് അയ്യന്‍കാളി പിറന്നത്. അയിത്ത ജാതിക്കാരെ മനുഷ്യരായി പോലും പരിഗണിക്കാത്ത അപരിഷ്‌കൃതമായ സമൂഹിക വ്യവസ്ഥയില്‍ തന്റെ സഹോദരങ്ങള്‍ അനുഭവിക്കുന്ന ക്രൂരതകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയ പ്രായത്തില്‍ തന്നെ അദ്ദേഹം കീഴാള വിഭാഗങ്ങളെ സംഘടിപ്പിച്ചു തുടങ്ങുകയും നിരവധി സമരപോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്തു. കടുത്ത എതിര്‍പ്പുകളും അതിക്രമങ്ങളും നേരിട്ടാണ് അയ്യന്‍കാളിയും അദ്ദേഹം രൂപികരിച്ച സാധുജന പരിപാലന സംഘവും ജാതിനെറികേടുകള്‍ക്കെതിരെയുള്ള സമരങ്ങള്‍ സംഘടിപ്പിച്ചത്. കീഴാള വിഭാഗങ്ങള്‍ ദൃഷ്ടിയില്‍പെടുന്നതുപോലും കടുത്ത അയിത്തമായി കല്‍പ്പിച്ചിരുന്ന സാമുഹികക്രമത്തിലായിരുന്നു ഈ പ്രവര്‍ത്തനങ്ങളെന്നതാണ് പ്രാധാന്യം. അതിനാല്‍ തന്നെ സ്വന്തം സമുദായത്തിന് ദിശാബോധം നല്‍കുന്നതിനൊപ്പം ജാതി ഗുണ്ടകളെ നേരിടേണ്ടി വരുന്നതും പതിവായിരുന്നു. ചെറുപ്പക്കാരെ സംഘടിപ്പിച്ചും അക്രമകാരികളെ കായികമായി ചെറുത്തു തോല്‍പ്പിച്ചുമാണ് അയ്യന്‍കാളി തന്റെ വിപ്ലവ പ്രവര്‍ത്തനങ്ങളെ മുന്നോട്ടു നയിച്ചത്. അതേ കാലഘട്ടത്തില്‍ തന്നെ ഗാന്ധിജിയും ശ്രീനാരായണ ഗുരുവുമടങ്ങുന്ന നിരവധി മഹാത്മാക്കളുമായും നേരിട്ട് ആശയവിനിമയങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് അവസരമൊരുങ്ങി. നവോത്ഥാന മുന്നേറ്റത്തിന് സമാനമനസ്‌ക്കരായ ഇതര സമുദായങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക വഴി ജാതീയത എന്നത് ഒരു സാമൂഹികപ്രശ്നമായിട്ടാണ് അദ്ദേഹം പരിഗണിച്ചത് എന്നു തന്നെയാണ് വ്യക്ത മാകുന്നത്.
1893ല്‍ തന്റെ ഇരുപത്തിയെട്ടാം വയസില്‍ വെങ്ങാന്നൂരിലെ രാജപാതയില്‍ അയ്യന്‍കാളി നടത്തിയ വില്ലുവണ്ടിയാത്ര ചരിത്രത്തിലെ സുപ്രധാന ഏടാണ്. ജനാധി പത്യാവകാശ പോരാട്ടത്തില്‍ തങ്കലിപികളായി രേഖപ്പെടുത്തിയ ആ സമരമാണ് മലയാളിക്കായി പൊതുവഴികള്‍ തുറന്നു നല്‍കിയത്. അയിത്ത ജാതിക്കാര്‍ക്ക് നി ഷിദ്ധമായിരുന്ന രാജപാതയിലൂടെയാണ് കഴുത്തിലും കൊമ്പിലും മണി കെട്ടിയ കാളക്കുറ്റന്‍മാര്‍ വലിച്ച വണ്ടിയില്‍ അദ്ദേഹം യാത്ര ചെയ്തത്. മനോഹരമായ ശുഭ്രവസ്ത്രങ്ങളും മേല്‍മുണ്ടും ധരിച്ച്, തലയില്‍ വെള്ള നേര്യതിന്റെ കെട്ടുമുള്ള ആ ധീര നായകന്‍ അക്ഷരാര്‍ത്ഥത്തില്‍ ജന്മി-ജാതി മേലാളന്മാര്‍ക്ക് മേല്‍ തീ കോരിയിടു കയായിരുന്നു. പൊതുനിരത്തുകളിലും ചന്തകളിലും സംഘടിതമായി യാത്ര ചെയ്തും പ്രവേശിച്ചും അദ്ദേഹം വലിയ മാറ്റങ്ങള്‍ക്ക് കാരണമായി. പൊന്തക്കാടുകളിലൂടെ ഒളിച്ചും പതുങ്ങിയും യാത്ര ചെയ്ത മനുഷ്യരുടെ ജീവിതത്തില്‍ ഈ പോരാട്ടങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍ വളരെ വലുതായിരുന്നു. പുലയരുടെ മാത്രമല്ല മറ്റ് പിന്നോക്കജാതിക്കാരുടെയും സഞ്ചാരസ്വാതന്ത്യ്രത്തിന് ഈ സമരങ്ങള്‍ ഹേതുവായി.
അയ്യന്‍കാളിയുടെ നവോത്ഥാനശ്രമങ്ങള്‍ തുടങ്ങിയതത്രയും അടിച്ചമര്‍ത്തപ്പെട്ടവരിലെ സ്ത്രീകളെ മുന്‍നിര്‍ത്തിയായിരുന്നു എന്നത് ശ്രദ്ധേയമാണ്. ജാതീയതയുടെ ഏറ്റവും വലിയ ഇരകള്‍ കീഴാളസ്ത്രീകളായിരുന്നു എന്നതിന്റെ തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. വസ്ത്രധാരണത്തിനു പോലും അവകാശമില്ലാത്ത, അന്തസ് നിഷേധിക്കപ്പെട്ട ജീവിത സാഹചര്യത്തിലായിരുന്ന ദളിത് സ്ത്രീകള്‍ക്ക് അഭിമാനവും ധൈര്യവും ഉറപ്പുവരുത്തിയത് അയ്യന്‍കാളിയുടെ ഇടപെടലുകളായിരുന്നു.


അടിമത്തത്തിന്റെ്‌റെ അടയാളമായി ജാതിഭികരര്‍ കല്‍പ്പിച്ചു നല്‍കിയ കല്ലുമാലകള്‍ അയിത്തജാതിയിലെ സ്ത്രീകള്‍ മുറിച്ചെറിഞ്ഞ ‘കല്ലുമാല സമരം’ അത്തരത്തിലു ള്ള ഒരു പ്രക്ഷോഭമായിരുന്നു. കൊല്ലം പിരങ്കി മൈതാനത്ത് 1915ല്‍ സംഘടിപ്പിച്ച ആ മഹാസഭയില്‍ വെച്ച് കഴുത്തിലെ കല്ലയും മാലയും കാതിലെ ഇരുമ്പ് വളയങ്ങളും വലിച്ചെറിഞ്ഞ് കീഴാള സ്ത്രീകള്‍ തങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. മനുഷ്യ വര്‍ഗത്തിന്റെ ചരിത്രത്തിലെ തന്നെ അഭിമാന നിമിഷമായിരുന്നു അത്. ലോകചരിത്രത്തില്‍ അടയാളപ്പെടുത്തിവെക്കേണ്ട സുപ്രധാനമായ മനുഷ്യാവകാശ പോരാട്ടമായിരുന്നിട്ടും ആ ധീരചരിതങ്ങള്‍ ഒരു നുറ്റാണ്ടോളം മറച്ചുവെക്കപ്പെട്ടു. അക്ഷരജ്ഞാനത്തിന് കഴിയാതിരുന്ന അയ്യന്‍കാളി തന്നെയാണ് നവോത്ഥാന കാലത്തെ ആദ്യ വിദ്യാഭ്യാസ പ്രവര്‍ത്തകരില്‍ ഒരാളും. തന്റെ ജീവിതകാലത്തുടനീളം അദ്ദേഹം തന്റെ ജനതയുടെ വിദ്യാഭ്യാസവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടേയിരുന്നു. പല ഇടപെടലുകളും വലിയ കലാപങ്ങളിലേക്കാണ് നയിച്ചത്. ‘ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ പാടങ്ങളില്‍ മുട്ടിപ്പുല്ല് കിളിപ്പിക്കും’ എന്ന ആഹ്വാനത്തോടെ അദ്ദേഹം തുടങ്ങിവെച്ച കര്‍ഷക തൊഴിലാളി സമരം 1905ലാണ് തീര്‍പ്പാകുന്നത്. രാജ്യത്ത് തന്നെ ആദ്യമായി അയിത്ത ജാതിക്കാര്‍ക്കായി അയിത്തജാതിയില്‍പ്പെട്ട ഒരു വ്യക്തി സ്ഥാപിച്ച സ്‌കൂള്‍ 1904ല്‍ അദ്ദേഹം ആരംഭിച്ച പള്ളിക്കുടമാണ്. നിരവധി തവണയാണ് സവര്‍ണമാടമ്പിമാര്‍ ആ സ്‌കൂള്‍ അഗ്‌നിക്കിരയാക്കിയത്. പഞ്ചമി എന്ന പുലയ പെണ്‍കുട്ടിയു ടെ കൈ പിടിച്ച് പള്ളിക്കുടത്തിലേക്ക് കയറിച്ചെന്ന അയ്യന്‍കാളി തുടങ്ങി വെച്ച പോരാട്ടത്തിന്റെ ബാക്കിപത്രമാണ് ആധുനിക കേരളത്തിന്റെ സാമൂഹിക സൂചികകളിലെ നേട്ടങ്ങളില്‍ പലതും. ‘മരിക്കും മുമ്പ് എന്റെ സമുദായത്തില്‍ നിന്നും പത്ത് ബി.എക്കാരെ കാണണം’ എന്നതായിരുന്നു അദ്ദേഹം മഹാത്മാഗാന്ധിയോടു പങ്കുവെച്ച ഒരേയൊരു ആഗ്രഹം. ലോകത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഉന്നതമായ മത്സരവിജയ ങ്ങളിലേക്കും സാംസ്‌കാരിക ജ്ഞാന വ്യവഹാരങ്ങളിലേക്കും ഒരു ജനതയെ നയിച്ചടുപ്പിച്ചത് ആ മഹാത്മാവിന്റെ ദീര്‍ഘദൃഷ്ടിയും ആഗ്രഹങ്ങളുമായിരുന്നു.
1911ല്‍ ശ്രീമൂലം പ്രജാസഭാംഗമായ അയ്യന്‍കാളി രണ്ടു പതിറ്റാണ്ട് സഭയില്‍ തുടര്‍ന്നു. 1905ല്‍ അദ്ദേഹം സ്ഥാപിച്ച സ്‌കൂള്‍ 1914ല്‍ സര്‍ക്കാര്‍ പള്ളിക്കുടമാക്കി ഉത്ത രവിറങ്ങി. ഭൂപരിഷ്‌ക്കരണത്തിന്റെ ചര്‍ച്ചകളും ദളിത് ഭൂപ്രശ്നങ്ങളും പ്രജാസഭയിലും കേരളത്തിന്റെ പൊതുമണ്ഡലത്തിലും ആദ്യമായി ഉന്നയിച്ചതും അയ്യന്‍കാ ളിയാണ്. അയ്യന്‍കാളിയുടെ സാമൂഹിക നവോത്ഥാന ഇടപെടലുകള്‍ ചരിത്രത്തില്‍ തമസ്‌ക്കരിച്ചു നിര്‍ത്തിയതിനു പിന്നില്‍ ഇടതു സാംസ്‌ക്കാരിക കപടരുടെ പങ്ക് വളരെ വലുതാണ്. അയിത്തജാതിക്കാര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ സമരപോരാട്ടങ്ങള്‍ മറച്ചുവെച്ചു അത് തങ്ങളുടെ മാത്രം രാഷ്ട്രീയ ഇടപെടലുകളായി രേഖപ്പെടു ത്താനും പ്രചരിപ്പിക്കാനുമാണ് അവര്‍ ശ്രമിച്ചത്. അയ്യന്‍കാളി മുന്നോട്ടുവെച്ച ഭൂപരിഷ്‌ക്കരണ പദ്ധതികളെ അട്ടിമറിക്കുക യും ദളിതരെ കോളനികളിലേക്ക് തളച്ചിടുകയും ചെയ്തുതു.’നമ്മള്‍ കൊയ്യും വയ ലെല്ലാം നമ്മുടെതാകും എന്ന മുദ്രാവാക്യ ത്തെ ഇടതുപക്ഷം തന്നെ ഒറ്റുകൊടുത്തു. ദളിതര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ഇന്നും കൃഷിഭൂമി അന്യമാണ്. ദളിത് ഭൂപ്രശ്‌നത്തെ കേവലം പാര്‍പ്പിട പ്രശമായി നിസാരവല്‍ക്കരിക്കുന്ന ഇടതുപക്ഷ കപടതയുടെ ഒടുവിലെ ഉദാഹരണമാണ് ‘ലൈഫ് പദ്ധതിയും, ഫ്‌ലാറ്റും’.
ജനാധിപത്യ ഭരണക്രമം നിലവില്‍ വന്നതിനു ശേഷം പട്ടികവിഭാഗങ്ങള്‍ക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത് ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് മാത്രമാണ്. അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അയ്യന്‍കാളി കള്‍ച്ചറല്‍ ട്രസ്റ്റിന് അനുവദിച്ച സ്ഥാപനം ‘അയ്യന്‍കാളി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്’ എന്ന പേരില്‍ കൊല്ലം ജില്ലയിലെ പുനലുരില്‍ പ്രവര്‍ത്തിച്ചു വരുന്നു. വ്യവസായ മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് വകുപ്പിന്റെ സ്ഥലം കോളജ് ആരംഭിക്കാന്‍ ലഭ്യമാക്കിയത്. തന്റെ ജനതയുടെ ഉന്നമത്തിന് വിദ്യാഭ്യാസമാണ് വഴി എന്നു തിരിച്ചറിഞ്ഞ് ഒട്ടേറെ സ മരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആ ധീര നേതാവിന്റെ ഉചിതമായ സ്മാരകമാണ് ഈ കലാലയം.

അയ്യന്‍കാളി ഒരേ സമയം വിമോചന നായകനും കലാപകാരിയും സാമൂഹിക ചിന്തകനുമായിരുന്നു. അദ്ദേഹം വിദ്യാഭ്യാസപ്രവര്‍ത്തകനും തൊഴിലാളി സംഘാട കനും ഭൂസമര നായകനുമായിരുന്നു. നുറ്റാണ്ട് മുമ്പ് അദ്ദേഹമുന്നയിച്ച പ്രശ്‌നങ്ങള്‍ ഇന്നും സജീവമായി നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് അട്ടിമറിക്കപ്പെടുന്ന സാമുദായിക സംവരണവും ദളിത് ഭൂമി പ്രശനങ്ങളും. വിദ്യാഭ്യാസവും ഭൂമിയും നിഷേധിക്കുന്നത് വഴി ദളിതരെ സാമൂഹിക മൂലധനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തുകയാണ്. ജാതീയതയുടെ പുതിയ കുതന്ത്രങ്ങള്‍ പല രൂപത്തിലാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. അപരവത്ക്കരണവും ഇസ്‌ലാമോഫോബിയയുടെ പിന്നിലും സവര്‍ണ ജാതി താല്‍പര്യം തന്നെയാണ്. സംഘപരിവാര്‍ ഭീകരത സൃഷ്ടിച്ച ഇസ്ലാം വെറുപ്പിന്റെ ഭാഗമായി ഭൂരിപക്ഷമുണ്ടാക്കാന്‍ കീഴാള പിന്നോക്ക സമുദായങ്ങളെ വശപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളും കാണാതിരിക്കാനാവില്ല. സവര്‍ണ ഹിന്ദുത്വത്തിന്റെ കുടിലതകള്‍ക്കെതിരെ രാഷ്ട്രീയ ജാഗ്രത പുലര്‍ത്താനും സംഘടിക്കാനും മഹാത്മ അയ്യന്‍കാളിയുടെ സ്മരണകള്‍ നമുക്ക് കരുത്തു നല്‍കട്ടെ.