തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാപിഴവ്; ഡോക്ടര്‍ രാജീവ് കുമാറിനെതിരെ പൊലീസ് കേസ് എടുത്തു

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാപിഴവില്‍ ഡോക്ടര്‍ രാജീവ് കുമാറിനെതിരെ കേസെടുത്തു. ഐപിസി 336, 338 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കന്റോണ്‍മെന്റ് പൊലീസാണ് കേസ് എടുത്തത്.
തൈറോയിഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ടായിരുന്നു സുമയ്യ ശസ്ത്രക്രിയക്ക് സമീപിച്ചത്. പിന്നീട് ശ്വാസതടസം ഉണ്ടാവുകയും മറ്റൊരു ആശുപത്രിയില്‍ നടത്തിയ ചികിത്സയില്‍ ഗൈഡ് വയര്‍ ധമനികളോട് ഒട്ടിയിരിക്കുന്നതായി കണ്ടെത്തി. ചികിത്സാപ്പിഴവ് സമ്മതിച്ചുകൊണ്ടുള്ള ഡോക്ടറുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു.

ശസ്ത്രക്രിയ പിഴവിനെ ആരോഗ്യവകുപ്പ് നിസ്സാരമായി കാണുന്നുവെന്ന് സുമയ്യയുടെ ബന്ധു ഷബീര്‍ ആരോപിച്ചു. പ്രശ്നമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഡോക്ടറെയും വിദഗ്ധ സമിതിയില്‍ ഉള്‍പ്പെടുത്തി. ശസ്ത്രക്രിയ പെട്ടെന്ന് നടക്കാന്‍ ഡോക്ടര്‍ക്ക് പണം നല്‍കിയിരുന്നു. നീതി ലഭിക്കും വരെ മുന്നോട്ട് പോകുമെന്നാണ് സുമയ്യയുടെ ബന്ധുക്കള്‍ പറയുന്നത്.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയ വീഴ്ച പരിശോധിക്കാന്‍ വിദഗ്ധസമിതി രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതിനു കാരണമായവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും വീണ ജോര്‍ജ് പറഞ്ഞു.