വാട്‌സ്ആപ്പ് മെസേജുകള്‍ ഇനി തെറ്റില്ല, ശരിയായി എഴുതാന്‍ 'റൈറ്റിംഗ് ഹെല്‍പ്' എന്ന സഹായി എത്തി, എങ്ങനെ ഉപയോഗിക്കാം?

അക്ഷരത്തെറ്റുകളോ ഗ്രാമര്‍ പിഴവുകളോ ഇല്ലാതെ ഇനി വാട്‌സ്ആപ്പില്‍ വിശ്വസിച്ച് എഴുതാം, സഹായിയായി എഐ ഫീച്ചര്‍ എത്തി
തിരുവനന്തപുരം: വാട്‌സ്ആപ്പ് മെസേജുകള്‍ അയക്കുമ്പോള്‍ ഗ്രാമര്‍ തെറ്റുകള്‍ വരുമോ എന്ന ഭയം ഇനി വേണ്ട. വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വടിവൊത്ത ഭാഷയിലാക്കി മാറ്റുന്ന എഐ അധിഷ്‌ഠിത റൈറ്റിംഗ് ഹെല്‍പ് (Writing Help) ഫീച്ചര്‍ മെറ്റ അവതരിപ്പിച്ചു. ഈ ഫീച്ചര്‍ വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങി. പ്രൈവറ്റ് പ്രൊസസ്സിംഗ് സാങ്കേതികവിദ്യയിലുള്ള ഈ സംവിധാനം ആരുടെയെങ്കിലും മെസേജുകള്‍ കോപ്പി ചെയ്യുകയോ സ്വകാര്യതയെ ഹനിക്കുകയോ ചെയ്യില്ലെന്നും മെറ്റ അറിയിച്ചു.

വാട്‌സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍

ഇനി മുതല്‍ വാട്‌സ്ആപ്പില്‍ വ്യക്തികള്‍ക്കോ ഗ്രൂപ്പുകളിലോ ഒരു മെസേജ് ടൈപ്പ് ചെയ്യുമ്പോള്‍ പേന ഐക്കണ്‍ കാണാനാകും. നിങ്ങളൊരു മെസേജ് ടൈപ്പ് ചെയ്‌ത് തുടങ്ങിയാല്‍ ഈ പെന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിര്‍ദ്ദേശങ്ങളടങ്ങുന്ന വരികളുള്ള ഒരു പോപ്അപ്പ് ഉയര്‍ന്നുവരും. ഇതില്‍ നിന്ന് നിങ്ങളുടെ ഏറ്റവും ഉചിതമെന്ന് തോന്നുന്ന വാചകം സെലക്‌ട് ചെയ്യുക. ഇതോടെ ഈ മെസേജ്, നിങ്ങള്‍ നേരത്തെ ടൈപ്പ് ചെയ്‌തുവച്ച മെസേജിനെ റീപ്ലേസ് ചെയ്യും. വാട്‌സ്ആപ്പില്‍ ടൈപ്പ് ചെയ്യുമ്പോള്‍ വാക്കുകള്‍ കിട്ടാണ്ട് വരികയോ വാചകം പൂര്‍ത്തിയാക്കാന്‍ കഴിയാതിരിക്കുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഈ ഫീച്ചര്‍ ഗുണകരമാകും. മാത്രമല്ല, വാട്‌സ്ആപ്പ് മെസേജിന്‍റെ അര്‍ഥം മാറിപ്പോകുമോ, അതല്ലെങ്കില്‍ ഗ്രാമര്‍ തെറ്റുകളും അക്ഷരത്തെറ്റുകളുമുണ്ടാകുമോ എന്നിങ്ങനെയുള്ള ആശങ്കകളും ഒഴിവാക്കാം.