കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളെ കാണാതായി; തിരച്ചിൽ പുരോഗമിക്കുന്നു

തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. തിരുവനന്തപുരം പുത്തന്‍തോപ്പിലാണ് സംഭവം. കണിയാപുരം സ്വദേശികളായ അഞ്ച് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കടലില്‍ കുളിക്കാനായി പുത്തന്‍തോപ്പ് കടപ്പുറത്ത് എത്തിയതായിരുന്നു. ഇതില്‍ അഭിജിത്ത്, നബീല്‍ എന്നിവരെയാണ് കാണാതായത്. മൂന്ന് പേര്‍ തിരയില്‍പ്പെട്ടെങ്കിലും ഇതില്‍ ആസിഫ് എന്ന വിദ്യാര്‍ത്ഥിയെ ഉടന്‍ രക്ഷിക്കാൻ കഴിഞ്ഞിരുന്നു. ആസിഫിനെ പുത്തന്‍തോപ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരയില്‍പ്പെട്ട് കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.