കല്ലമ്പലം അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ദുരൂഹത ഇല്ലെന്ന് പൊലീസും ദുരൂഹതയുണ്ടെന്ന് നാട്ടുകാരും. നാവായിക്കുളം കുടവൂർ വിളയിൽ വാതുക്കൽ നിർമാല്യത്തിൽ പരേതനായ രാജേന്ദ്രൻ ഉണ്ണിത്താന്റെ ഭാര്യ ഇന്ദിരാമ്മ (75), മകൻ സജിലാൽ(49) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദിരയുടെ മൃതദേഹത്തിന് 4 ദിവസത്തോളം പഴക്കമുണ്ട്. മകൻ തുങ്ങി മരിച്ച നിലയിലായിരുന്നു.മൃതദേഹത്തിനു പഴക്കമുണ്ടായിരുന്നില്ല.
അമ്മയുടെ മരണത്തിൽ മനം നൊന്താണ് മകൻ ആത്മഹത്യ ചെയ്‌തതെന്നും മകന്റെ ആത്മഹത്യകുറിപ്പിലും ഇതേ സൂചനയാണെന്നും പൊലീസ് പറഞ്ഞു. അമ്മ വർഷങ്ങളായി കിടപ്പ് രോഗിയായിരുന്നു. ഞായർ രാവിലെയാണ് സംഭവം പുറംലോകം അറിയുന്നത്. വീടിന് തൊട്ടടുത്ത് മറ്റൊരു മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ എത്തിയപ്പോൾ അസഹനീയമായ നിലയിൽ ദുർഗന്ധം വമിക്കുന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മരണ വിവരം പുറത്തു വരുന്നത്. ഏക മകനായ സജിലാലിന്റെ സംരക്ഷണയിലായിരുന്നു ഇന്ദിരാമ്മ . ഒരു കുട്ടിയും ഭാര്യയുമുള്ള സജിലാൽ ഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയിരുന്നു.സ്ഥിരം മദ്യപാനിയും വഴക്കാളിയുമായ സജിലാലിന്റെ കൈകൊണ്ടാവം അമ്മ മരണപ്പെട്ടെതെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പ്രാഥമിക അന്വേഷണത്തിൽ അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. എന്നിരുന്നാലും അസ്വഭാവിക മരണത്തിന് കേസെടുത്ത കല്ലമ്പലം പൊലീസ് വിശദമായ അന്വേഷണം നടത്തും. പാരിപ്പള്ളി മെഡിക്കൽകോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ഇന്നലെ 3 മണിയോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.