“പറ്റിയത് തെറ്റാണ്,” എന്ന് ഡോ. രാജീവ് കുമാർ സംഭാഷണത്തിൽ സമ്മതിക്കുന്നതായി രേഖ തെളിയിക്കുന്നു. മരുന്നിനുള്ള ട്യൂബ് ഇട്ടവരാണ് ഉത്തരവാദികളെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ശ്രീചിത്രയിൽ നടത്തിയ പരിശോധനയിലാണ് രോഗിയുടെ നെഞ്ചിൽ കുടുങ്ങിയിരിക്കുന്നത് ഗൈഡ് വയറാണെന്ന് തിരിച്ചറിഞ്ഞത്. രണ്ടര വർഷം മുമ്പ് നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവ് നടന്നത്.
കട്ടാക്കട മലയൻകീഴ് സ്വദേശിനിയായ സുമയ്യയാണ് ദുരിതമനുഭവിക്കുന്നത്. 2023 മാർച്ച് 22ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോ. രാജീവ് കുമാർ നടത്തിയ റോയ്ഡ് ഗ്രന്ഥി ശസ്ത്രക്രിയയ്ക്കുശേഷമാണ് സംഭവം. ശസ്ത്രക്രിയയ്ക്കു ശേഷം രക്തവും മരുന്നും നൽകാനായി സെൻട്രൽ ലൈൻ സ്ഥാപിച്ചു. എന്നാൽ അതിന്റെ ഗൈഡ് വയർ തിരികെ എടുത്തില്ല. ഇതാണ് സുമയ്യയുടെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായത്. സംഭവത്തെ തുടർന്ന് യുവതി ആരോഗ്യവകുപ്പിനും പ്രതിപക്ഷ നേതാവിനും പരാതി നൽകിയിട്ടുണ്ട്.