റേഷൻ വിതരണത്തിൽ വ്യത്യസ്ത സർക്കുലറുകൾ; റേഷൻ വ്യാപാരികളെ ആശയക്കുഴപ്പത്തിലാക്കി രണ്ട് സർക്കുലറുകൾ

ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണത്തിൽ ആശയക്കുഴപ്പം എന്ന് റേഷൻ വ്യാപാരികൾ. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് രണ്ട് സർക്കുലർ ഇറക്കിയതാണ് ആശയക്കുഴപ്പത്തിന് കാരണം. ഭക്ഷ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ഭക്ഷ്യവകുപ്പ് കമ്മീഷണറും വ്യത്യസ്ത സർക്കുലർ ഇറക്കിയിരുന്നു.പ്രൈവറ്റ് സെക്രട്ടറിയുടെ പേരിൽ ഇറങ്ങിയ സർക്കുലറിൽ ഓഗസ്റ്റ് മാസത്തിലെ റേഷൻ വിതരണം സെപ്റ്റംബർ 4 വരെ നീട്ടിയതായി പറഞ്ഞിരുന്നു. എന്നാൽ ഭക്ഷ്യവകുപ്പ് കമ്മീഷണറുടെ പേരിൽ ഇറങ്ങിയ സർക്കുലറിൽ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.ഓഗസ്റ്റ് മാസത്തിലെ റേഷൻ വിതരണം ഞായറാഴ്ച തന്നെ കൈപ്പറ്റണമെന്നും സെപ്റ്റംബർ 2 മുതൽ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നുമായിരുന്നു അറിയിപ്പ്. എ.എ.വൈ. കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.