ചിറയിന്‍കീഴ് പൂട്ടിക്കിടന്ന വീട്ടില്‍ കവര്‍ച്ച; 11.58 ലക്ഷം രൂപയുടെ നഷ്ടം

തിരുവനന്തപുരം ചിറയിന്‍കീഴ് ആളില്ലാതിരുന്ന വീട്ടില്‍ വന്‍ കവര്‍ച്ച. ചിറയിന്‍കീഴ് ഒറ്റപ്ലാമുക്ക് ഷാരോണ്‍ ഡെയിലില്‍ സുശീല സി.പെരേരയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 107 ഗ്രാം സ്വര്‍ണവും ഇന്ത്യന്‍, വിദേശ കറന്‍സികളും മോഷ്ടിക്കപ്പെട്ടു. മൊത്തം 11.58 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.

മകളുടെ ഭര്‍ത്താവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഒരാഴ്ചയായി സുശീല വീട്ടില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് മനസിലാക്കിയത്. വീടിനുള്ളിലെ ഷെല്‍ഫുകള്‍ തുറന്ന് അതിലെ സാധനങ്ങള്‍ എല്ലാം വാരിവലിച്ചിട്ടിരിക്കുകയായിരുന്നു.

അലമാരകളില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കളാണ് നഷ്ടമായത്. മാല, വളകള്‍, കമ്മലുകള്‍, മോതിരം തുടങ്ങിയവയാണ് കവര്‍ന്നത്. ഇന്ത്യന്‍ രൂപ, സൗദി, യു.എ.ഇ കറന്‍സികള്‍, വിലയേറിയ വാച്ച് എന്നിവയും നഷ്ടമായിട്ടുണ്ട്. മരുമകന്റെ ചികിത്സ ആവശ്യങ്ങള്‍ക്കായി മകള്‍ സൂക്ഷിക്കാന്‍ നല്‍കിയിരുന്നതാണ് പണം. ചിറയിന്‍കീഴ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്