ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയെ നാട്ടിലെത്തിച്ചു റീ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചു.

ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ റീ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുന്നത്. ശേഷം മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് വൈകുന്നേരമാണ് സംസ്‌കാരം.

ഇന്നലെ രാത്രി പതിനൊന്നോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചത്. ഷാര്‍ജയിലായിരുന്ന അമ്മ ഷൈലജ, സഹോദരന്‍ വിനോദ് എന്നിവരും മറ്റു ബന്ധുക്കളും മൃതദേഹത്തിനൊപ്പം നാട്ടിലെത്തി.ഭര്‍ത്താവ് നിതീഷിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്നാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നു ബന്ധുക്കളുടെ ആരോപണം ഉയര്‍ന്നതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നീണ്ടത്. അതേസമയം മകള്‍ വൈഭവിയുടെ മൃതദേഹം 17നു ദുബായില്‍ സംസ്‌കരിച്ചിരുന്നു.

ഈ മാസം എട്ടിനാണ് വിപഞ്ചികയെയും ഒന്നര വയസുള്ള മകള്‍ വൈഭവിയെയും ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം ആഡംബരമായി നടത്തിയില്ലെന്നും സ്ത്രീധനം കുറഞ്ഞെന്നും കാര്‍ ലഭിച്ചില്ലെന്നും ആരോപിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കാണിച്ചുള്ള ആത്മഹത്യക്കുറിപ്പു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷം വിപഞ്ചിക ആത്മഹത്യ ചെയ്യുകയായിരുന്നു.