പൊലീസുകാരനെ കണ്ടതോടെ അസഭ്യ വര്‍ഷം, പിന്നാലെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു; ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ചയാള്‍ അറസ്റ്റിൽ

തിരുവനന്തപുരം: ഡ്യൂട്ടിയിലുണ്ടായ പൊലീസുകാരനെ മർദ്ദിച്ചയാൾ അറസ്റ്റിൽ. മുൻ വൈരാഗ്യത്തിന്‍റെ പേരിൽ തീരമേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിഴിഞ്ഞം കോസ്റ്റൽ സ്റ്റേഷനിലെ പൊലീസുകാരനെ മർദിച്ച പൂന്തുറ സ്വദേശി ജോസ് (30) ആണ് അറസ്റ്റിലായത്. പൂന്തുറ ഇടയാർ ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസറെയാണ് കഴിഞ്ഞ ബുധനാഴ്ച ഇയാൾ മർദിച്ചത്. 

മോഷണ ശ്രമവുമായി ബന്ധപ്പെട്ട് മുമ്പ് ജോസിനെ പൊലീസ് പിടികൂടാൻ കാരണം ഇയാളാണെന്ന വൈര്യാഗത്തിലായിരുന്നു അക്രമം. ബുധനാഴ്ച രാവിലെ ഇടയാർ ഭാഗത്തുവന്ന ജോസ് പൊലീസുകാരനെ കണ്ടതോടെ അസഭ്യം പറയുകയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്പിക്കുകയുമായിരുന്നു. 

തുടർന്ന് സ്ഥലത്തു നിന്ന് രക്ഷപെടാൻ ശ്രമിച്ച ജോസിനെ പൊലീസുകാരൻ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തല പൊട്ടി ചോരയൊലിച്ച പൊലീസുകാരനെ നാട്ടുകാർ ആശുപത്രിയിലാക്കി. ഇയാളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ പൂന്തുറ ഭാഗത്ത് നിന്നും ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.