ഒറ്റയ്ക്ക് മീൻപിടിക്കാൻ പോയി, കടലിൽ കാണാതായ യുവാവിനായി തിരച്ചിൽ; നാവികസേനയുടെ സഹായം തേടി, വള്ളം കരയ്ക്കെത്തിച്ചു

തിരുവനന്തപുരം: തീരത്ത് നിന്നും ഒറ്റയ്ക്ക് മീൻപിടിക്കാൻ പോയി കടലിൽ കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു. സ്‌കൂബ മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് പറഞ്ഞു. വെള്ളിയാഴ്‌ച രാത്രി മത്സ്യബന്ധനത്തിനു പൂവാർ പള്ളം പുരയിടം സ്വദേശി ബെൻസിംഗറിനെ (39) ആണ് കടലിൽ കാണാതായത്.മീൻപിടിത്ത തുറമുഖ പ്രവേശന കവാട ഭാഗത്തിനോടടുത്താണ് ബെൻസിംഗറിന്‍റെ വള്ളം കണ്ടെത്തിയത്. അതുകൊണ്ട് ഈ ഭാഗത്തെ കടലിലാണ് സ്കൂബാ സംഘം തിരച്ചിൽ നടത്തിയത്. മറൈൻ എൻഫോഴ്സസ്മെന്‍റ്, കോസ്‌റ്റൽ പൊലീസ് എന്നിവരും തെരച്ചിലിൽ പങ്കാളികളായി. വിഴിഞ്ഞം ഹാർബറിൽ നിന്നു രണ്ടര കിലോമീറ്റർ അകലെയായി കടലിൽ ആളില്ലാതെ ഒഴുകി നടന്ന വള്ളത്തെ വിഴിഞ്ഞം കോസ്‌റ്റൽ, ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്‍റ് വിഭാഗങ്ങൾ ചേർന്നു കരയിൽ എത്തിച്ചിരുന്നു. വള്ളത്തിനുള്ളിൽ നിന്നു മൊബൈൽ ഫോണും ചെരുപ്പും കണ്ടെടുത്തു. വള്ളത്തിൽ നിന്നും ലഭിച്ച വിവരം വച്ചാണ് കാണാതായ ആളെ തിരിച്ചറിഞ്ഞത്. തിരച്ചിൽ ഇന്നും തുടരാനാണ് തീരുമാനം. തിരച്ചിലിന് നാവികസേനയുടെ സേവനമടക്കം അവശ്യപ്പെട്ടെന്ന് അധികൃതർ അറിയിച്ചു