പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയ കോട്ടയം കുറുവിലങ്ങാട് ആണ് നഴ്സിങ് പഠിക്കുന്നത്. 2008ലാണ് നഴ്സായി യെമനിലെത്തുന്നത്.
യമൻ തലസ്ഥാനമായ സനയിൽ ഒരു ക്ലിനിക്കിലായിരുന്നു അവർക്ക് ജോലി. മൂന്നു വർഷം ജോലി ചെയ്ത ശേഷം 2011 ൽ നാട്ടിൽ തിരികെയെത്തി വിവാഹം കഴിച്ചു. ഭർത്താവും ഒന്നിച്ചു 2012 ഇൽ വീണ്ടും യമനിൽ എത്തി.
ഭർത്താവ് വെൽഡിങ് ജോലിയും നിമിഷ പ്രിയ നഴ്സ് ആയും ജോലി തുടർന്നു. ഇതിനിടെയാണ് ക്ലിനിക്കിൽ ചികിത്സക്ക് വന്നിരുന്ന പരിചയക്കാരൻ ആയ തലാൽ അബ്ദു മഹ്ദി എന്ന യെമൻ യുവാവുമായി ഒരു ക്ലിനിക്ക് തുടങ്ങുന്ന കാര്യം നിമിഷ പ്രിയ സംസാരിക്കുന്നത്.
ക്ലിനിക്ക് തുടങ്ങാൻ അദ്ദേഹം തയ്യാറാണ് എന്ന് പറഞ്ഞതോടെ നിമിഷ പ്രിയയും ഭർത്താവും പണം സമാഹരിക്കാൻ നാട്ടിൽ വരാൻ തീരുമാനിച്ചു. യമനി പൗരനും പെൺ സുഹൃത്തും ഇവരുടെ കൂടെ കേരളം കാണാൻ എത്തി.
നിമിഷ പ്രിയ തിരികെ പോകുമ്പോൾ അവരുടെ ഭർത്താവ് ബാക്കി പണം സംഘടിപ്പിക്കാൻ നാട്ടിൽ തങ്ങി.
യമനിൽ എത്തി തലാലും ആയി പുതിയ ക്ലിനിക്ക് തുടങ്ങി. അതിനിടെ പഴയ ക്ലിനിക്ക് ഉടമ വഴക്കിനു വന്നപ്പോൾ അയാൾക്ക് ഈ ക്ലിനിക്കിൽ 33% ഷെയർ നൽകി എന്നാണ് തലാൽ പറഞ്ഞത്. 67% ഷെയർ തലാൽ സ്വന്തം പേരിൽ എഴുതി. (ഗൾഫിൽ ഒക്കെ ഇങ്ങനെ തന്നെയാണ് നടക്കുന്നത്. പലർക്കും പണം പോകുന്ന പരിപാടി ആണിത്. വിദേശികൾക്ക് സ്വന്തം പേരിൽ സ്ഥാപനം തുടങ്ങാൻ സൗദിയിൽ ഈ അടുത്ത കാലത്ത് മാത്രമാണ് നിയമം വന്നത്)
തലാൽ മയക്കു മരുന്നിനു അടിമ ആണെന്നും മറ്റു സ്ത്രീകളും ആയി ബന്ധം ഉണ്ടെന്നും നിമിഷ പ്രിയ അറിയുന്നു. ക്ലിനിക്കിന്റെ വരുമാനം മുഴുവൻ തലാൽ കൊണ്ട് പോകുന്നതും ആയി ബന്ധപ്പെട്ടു ഇവർ തമ്മിൽ വഴക്ക് ഉണ്ടാകുന്നു. ഇക്കാര്യം ക്ലിനിക്ക് മാനേജരോട് പറഞ്ഞപ്പോൾ നിങ്ങൾ ഭാര്യാ ഭർത്താക്കൻമാർ അല്ലേ പിന്നെ എന്താണ് പ്രശ്നം എന്ന് അയാൾ ചോദിക്കുന്നു.
കേരളത്തിൽ പോയി നിമിഷ പ്രിയയെ വിവാഹം ചെയ്തു എന്ന് തലാൽ അവിടെ എല്ലാവരോടും പറഞ്ഞിരുന്നു. വിവാഹ തട്ടിപ്പ് നടന്നു എന്ന് പോലീസിൽ പരാതി കൊടുത്തു. അതോടെ രണ്ടു പേരും 16 ദിവസം ജയിലിൽ ആയി. ജയിലിൽ വച്ചു തലാൽ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി. നാട്ടിൽ വന്നപ്പോൾ ഒരുമിച്ചു എടുത്ത ഫോട്ടോകളും നിമിഷ പ്രിയയുടെ വിവാഹ ഫോട്ടോ എഡിറ്റ് ചെയ്തു തലാലിന്റെ ഫോട്ടോ വച്ചു വ്യാജ വിവാഹ ഫോട്ടോ ഉണ്ടാക്കി നിമിഷ പ്രിയ തലാലിന്റെ ഭാര്യ ആണെന്ന കോടതി ഉത്തരവ് സംഘടിപ്പിച്ചു.
ഇതോടെ തലാലിന്റെ ജ്യേഷ്ടന്റെ വീട്ടിൽ പോയി നിമിഷ പ്രിയ തർക്കിച്ചപ്പോൾ അവർ നിർബന്ധിച്ച് വിവാഹച്ചടങ്ങ് പോലെ നടത്തി. അങ്ങിനെ തലാലിന്റെ കൂടെ താമസിക്കേണ്ടി വന്നു. പാസ്പോർട്ട് അയാൾ എടുത്തു മാറ്റി. പ്രകൃതി വിരുദ്ധ പീഡനത്തിനും കൂട്ടുകാരും ആയി ലൈംഗിക ബന്ധത്തിനും നിർബന്ധിച്ചു. കത്തി കൊണ്ട് മുറിവേല്പിച്ചു. കൊടിയ മർദ്ദനം നടത്തി.
ഇതിനിടെ തലാൽ ജയിലിൽ ആയി. അവിടെ പോയി പാസ്പോർട്ട് ചോദിക്കുന്നു. എന്നിട്ടും നൽകിയില്ല. അവസാനം എംബസിയിൽ പരാതി നൽകുന്നു. എന്നാൽ പത്രപ്പരസ്യം നൽകി അപേക്ഷ നൽകണമെന്നായിരുന്നു എംബസി നിർദേശിച്ചത്.
ഇതിനിടെ ജയിൽ ഉദ്യോഗസ്ഥൻ ആയ ഒരാളും ആയി പരിചയത്തിൽ ആകുന്നു. തലാലിനെ അനസ്തേഷ്യ നൽകി ബോധം കെടുത്തി നൽകിയാൽ വാഹനവുമായി വന്ന് എവിടെ എങ്കിലും കൊണ്ടു പോയി ദേഹോപദ്രവം ഏൽപിച്ചു ഭാര്യയല്ല എന്ന് എഴുതി വാങ്ങി പാസ്പോർട്ട് തിരികെ വാങ്ങി തരാം എന്ന് അയാൾ വാഗ്ദാനം ചെയ്യുന്നു.
ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്യുന്ന ഹനാൻ എന്ന യുവതിയും ഇക്കാര്യത്തിൽ സഹായിക്കാമെന്ന് ഉറപ്പ് പറയുന്നു.
ഇതിനിടെ തലാലിനു യൂറിൻ ഇൻഫെക്ഷൻ വന്നു. മരുന്ന് ആണെന്ന മട്ടിൽ അനസ്തേഷ്യക്ക് ഉള്ള മരുന്ന് കുത്തി വച്ചു. ഒരു ഡോസ് ഏൽക്കാത്തത് കൊണ്ട് രണ്ടാമതും കുത്തി വച്ചു. ഇയാൾ ഉച്ചത്തിൽ നിലവിളിച്ചു താഴെ വീണു. ബോധം കെട്ടു പോയി. പൾസ് നോക്കിയപ്പോൾ ഇല്ലെന്നു മനസിലായി.
ഇതു കണ്ട് ഭയന്നു പോയി. എന്തു ചെയ്യണമെന്ന് അറിയാതെയായി. അപ്പോഴാണ് പിരിമുറുക്കം കുറയ്ക്കാനുള്ള രണ്ട് ഡോസ് മരുന്ന് കഴിച്ചു. അർദ്ധ ബോധാവസ്ഥയിൽ ആയി. മാനസിക നില തകരാറിൽ ആയി. താഴെ താമസിച്ച ഹനാൻ എന്ന യമനി നേഴ്‌സിനെ വിളിച്ചു.
അദ്ദേഹത്തിന്റെ മൃതദേഹം ദൂരെ എവിടെയെങ്കിലും കൊണ്ടുപോയി ഒളിപ്പിക്കാനായിരുന്നു പരിപാടി. സംഗതി അറിഞ്ഞതോടെ സഹായിക്കാം എന്ന് പറഞ്ഞ ജയിൽ ഉദ്യോഗസ്ഥർ പിൻവാങ്ങി. അതോടെ ഹനാന് തോന്നിയ ബുദ്ധിയാണ് മൃതദേഹം കഷ്ണങ്ങൾ ആക്കി വാട്ടർ ടാങ്കിൽ ഉളിപ്പിക്കാം എന്നത്.
ഇവിടെ നിന്നും നിമിഷ പ്രിയ മാരിഫ് എന്ന സ്ഥലത്ത് പോയി ഒളിക്കുന്നു. മൂന്ന് ദിവസം കഴിഞ്ഞു മൃതദേഹത്തിൽ നിന്നും വാസന വരുന്നു. ഹനാൻ അറസ്റ്റിൽ ആകുന്നു. നിമിഷ പ്രിയയും അറസ്റ്റിൽ ആകുന്നു. 2017 ഇൽ ആണ് ഈ സംഭവം.
കേസ് കോടതിയിൽ എത്തുന്നു . എംബസി സഹായിച്ചില്ല. അഭിഭാഷകൻ ഇല്ലാത്തതിനാൽ ജഡ്ജി തന്നെ ഒരു അഭിഭാഷകനെ നൽകി. സഹായിച്ച ഹനാന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. സഹായിച്ച യമനി ജയിൽ ഉദ്യോഗസ്ഥൻ ഇപ്പോഴും ഒളിവിലാണ്. 2020 ഇൽ നിമിഷ പ്രിയയെ വധ ശിക്ഷക്ക് വിധിച്ചു. ഒരു പക്ഷെ ബ്ലഡ് മണി നൽകിയാൽ കുടുംബം മാപ്പ് നൽകിയാൽ ശിക്ഷ ഒഴിവായേക്കാം. നാട്ടിൽ ഓട്ടോ ഓടിച്ചു ജീവിക്കുന്ന ഭർത്താവിനോ, ചെറിയ ജോലി ചെയ്യുന്ന അമ്മക്കോ ജീവിത ചിലവ് പോലും കഷ്ടിയാണ്. ആരെങ്കിലും സഹായിച്ചാൽ മാത്രമേ ഇതിൽ നിന്നും രക്ഷപ്പെടാൻ സാധിക്കൂ.
ഇതാണ് നിമിഷ പ്രിയ ലേഖകനോട് പറഞ്ഞതിന്റെ ചുരുക്കം.
നിമിഷ പ്രിയ പറഞ്ഞത് വച്ചു നോക്കിയാൽ പോലും അവർ കൊല നടത്തി എന്ന് മാത്രമല്ല മൃതദേഹം കഷ്ണങ്ങൾ ആയി മുറിച്ചു തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്ന് സന്മതിച്ചിട്ടുണ്ട്. ലോകത്തിൽ ഏതൊരു രാജ്യത്തും ഇതിനു കടുത്ത ശിക്ഷ തന്നെ കിട്ടും. അമേരിക്കയിലോ, യൂറോപ്പിലോ ആയിരുന്നു എങ്കിൽ ഇങ്ങനെ ഒരു കുറ്റം ചെയ്ത ആൾ ജീവിത കാലം മുഴുവൻ ജയിലിൽ കിടന്നേനെ.
ഇതിൽ തന്നെ ഇവർ പറഞ്ഞത് പോലെ ഒരു വിവാഹം ഇസ്ലാമിൽ നടക്കുമോ എന്ന് സംശയം ആണ്. ഇസ്ലാമിൽ വിവാഹം നടക്കണം എങ്കിൽ പെൺകുട്ടിയുടെ പിതാവ് അല്ലെങ്കിൽ ആ പദവി ഉള്ള ആൾ ആണ് നിക്കാഹ് ചെയ്തു നൽകേണ്ടത്. അമുസ്ലിങ്ങളെ വിവാഹം ചെയ്യാനും വകുപ്പ് ഇല്ല. അവർ മതം മാറിയാൽ മാത്രമേ വിവാഹം നടക്കൂ. തലാലിന്റെ സഹോദരന്റെ വീട്ടിൽ പോയി പ്രശ്നം ആക്കിയപ്പോൾ അവർ നിർബന്ധിച്ചു വിവാഹം പോലെ ഒരു ചടങ്ങ് നടത്തി എന്നാണ് നിമിഷ പ്രിയ പറഞ്ഞത്. സത്യത്തിൽ ഇസ്ലാമിൽ വിവാഹത്തിന് സ്ത്രീ പങ്കെടുക്കുന്ന ചടങ്ങ് തന്നെ ഇല്ല എന്നതാണ് വസ്തുത. സ്ത്രീക്ക് കൂടെ റോൾ വേണം എന്നാണ് പുരോഗമന ചിന്ത ഉള്ളവർ പറയുന്നത്. അപ്പോൾ നിമിഷ പ്രിയ പറയുന്ന ചടങ്ങ് എന്താണോ എന്തോ..
എംബസിയിൽ പോകുന്നു, ഭർത്താവിന്റെ വീട്ടിൽ പോകുന്നു, ജയിൽ ഉദ്യോഗസ്ഥനും ആയി പരിചയപ്പെടുന്നു. ഇങ്ങനെ അവർക്ക് പുറത്ത് പോകാനും മറ്റും ധാരാളം അവസരം ലഭിച്ചിട്ടുണ്ട്. ഒരു പക്ഷെ ക്ലിനിക്കിന് പണം ഇറക്കിയത് കൊണ്ടാവാം രക്ഷപ്പെടാൻ ശ്രമിക്കാതെ ഇരുന്നത്.
മാത്രവുമല്ല വിദേശത്ത് ഉള്ളവരുടെ സ്പോൺസർ പാസ്പോർട്ട് നൽകാതെ ഇരുന്നാൽ എമർജൻസി പാസ്പോർട്ട് ഇഷ്യൂ ചെയ്യാൻ എംബസിക്ക് ഒരു തടസ്സവും ഇല്ല.
വളരെ കണക്ക് കൂട്ടി ചെയ്ത കൊല, അത് കഴിഞ്ഞു മൃതദേഹം ചെറിയ കഷ്ണങ്ങൾ ആക്കി മുറിക്കൽ, അതിനായി മറ്റു സഹായികളെ കൂട്ട് പിടിക്കൽ, അതിനു ശേഷം രക്ഷപ്പെടാൻ ഉള്ള ശ്രമം. ഇതെല്ലാം കാണിക്കുന്നത് നിമിഷ പ്രിയ കടുത്ത കുറ്റം ചെയ്തു എന്ന് തന്നെയാണ്.
വധ ശിക്ഷ പാടില്ല എന്ന് ലോകം മുഴുവൻ ഉള്ള പുരോഗമന ചിന്തകരും, സാമൂഹിക ഗവേഷകരും ആവശ്യപ്പെടുന്ന ലോക സാഹചര്യത്തിൽ നിമിഷ പ്രിയയുടെ വധശിക്ഷയും ഒഴിവാക്കപ്പെടേണ്ട കാര്യം ആണ്.
സൗദി ബാലന്റെ കൊലക്കേസിൽ ഉൾപ്പെട്ട അബ്ദുൽ റഹീമിന് ഇത് വരെ മോചനം സാധ്യമായിട്ടില്ല. ബ്ലഡ് മണി നൽകിയാൽ കുടുംബത്തിന് വധ ശിക്ഷ ഒഴിവാക്കാൻ അനുമതി നൽകാം എന്നേ ഉള്ളൂ. ജയിൽ ശിക്ഷ എന്നത് കോടതി തീരുമാനം ആണ്. അതായത് പണം നൽകിയാൽ പോലും ജയിലിൽ മോചനം സാധിക്കണം എന്നില്ല.
മാത്രവുമല്ല നിമിഷ പ്രിയയുടെ കേസിൽ സഹ കുറ്റവാളിയായ യമനി യുവതി ഹനാൻ ജീവ പര്യന്തം ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. കേസിലെ മറ്റൊരു പ്രതിയെ കിട്ടിയിട്ടും ഇല്ല. ഒരു കേസിൽ മുഖ്യ കുറ്റവാളി ജയിൽ മോചനം നേടുകയും സഹായിച്ച രണ്ടാം പ്രതി ജീവിത കാലം ജയിലിൽ കഴിയുകയും ചെയ്യുമോ?
(കേസിലെ വസ്തുത കളുടെ ബലത്തിൽ നിന്ന് കൊണ്ട് അല്ലാതെ ഇതിൽ മതവും വിശ്വാസവും തിരുകി ചർച്ച ചെയ്യുന്നവർ ദയവ് ചെയ്തു വിട്ട് നിൽക്കണം.)