സിനിമാരംഗങ്ങളെ അതിശയിക്കുന്ന രീതിയിൽ ദേശീയപാതയിലൂടെ രാത്രിയിൽ യുവാക്കളുടെ മരണപ്പാച്ചിൽ

സിനിമാരംഗങ്ങളെ അതിശയിക്കുന്ന രീതിയിൽ ദേശീയപാതയിലൂടെ രാത്രിയിൽ യുവാക്കളുടെ മരണപ്പാച്ചിൽ. തടയാൻനിന്ന പോലീസിന്റെ ജീപ്പിലുരസിയിട്ടും നിർത്താതെ പാഞ്ഞ കാറിന്റെ പിന്നിലെ ഒരു ചക്രം ഊരിപ്പോയി. എന്നിട്ടും നിർത്താത്ത കാർ എട്ടു കിലോമീറ്റർ പിന്നിട്ട് നിന്നതോടെ ഇവർ പിടിയിലായി.

മദ്യലഹരിയിലായിരുന്നു സംഘമെന്ന് പോലീസ് പറഞ്ഞു.

ഓച്ചിറ ചങ്ങംകുളങ്ങര ഗൗരി ഭവനത്തിൽ ആദർശ് (23), കരുനാഗപ്പള്ളി സ്വദേശികളായ പ്രവീൺ നിവാസിൽ പ്രവീൺ (25), ആലിൻകടവ് പുന്നമൂട്ടിൽ അഖിൽ (26), ദിലീപ് ഭവനത്തിൽ സഞ്ജയ് (25), ഷിനാസ് മൻസിലിൽ നിയാസ് (22), കാട്ടിൽക്കടവ് മണ്ടനത്തുതറയിൽ ഹൗസിൽ സൂരജ് (21) എന്നിവരാണ് കാറിലുണ്ടായിരുന്നത്. അഖിലാണ് കാറോടിച്ചത്. 

അബുദാബിയിൽ ആദ്യമായി ജോലിക്കു പോകുന്ന സഞ്ജയയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കാൻ പോകുകയായിരുന്നു ഇവർ. സംഭവത്തെ തുടർന്ന് യുവാവിൻ്റെ വിദേശയാത്ര മുടങ്ങി.

പല്ലനയിൽ സ്കൂട്ടറിലിടിച്ച ശേഷം നിർത്താതെ പോയ കാർ ദേശീയപാതയിലൂടെ പാഞ്ഞുവരുന്നതായി ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് പോലീസ് കൺട്രോൾറൂമിൽനിന്ന് അമ്പലപ്പുഴ സ്റ്റേഷനിൽ വിവരം ലഭിച്ചത്. കാർ മറ്റു ചില വാഹനങ്ങളിലും ഉരസുകയും ഡ്രൈവർമാർ വെട്ടിച്ചുമാറ്റി അപകടമൊഴിവാക്കുകയും ചെയ്തിരുന്നു.

ഇവരെ പിടികൂടാൻ പോലീസ് സംഘം ജീപ്പുമായി അമ്പലപ്പുഴ കച്ചേരിമുക്കിൽ കാത്തുനിന്നു. അതിവേഗത്തിൽ പാഞ്ഞെത്തിയ കാർ ജീപ്പിലുരസിയിട്ടും നിർത്തിയില്ല. കാക്കാഴം ഭാഗത്ത് ഡിവൈഡറിനു മുകളിൽ കയറിയപ്പോഴാണ് പിന്നിൽ വലതുവശത്തെ ചക്രം ഊരിപ്പോയത്. മൂന്നു ചക്രങ്ങളിൽ പാച്ചിൽ തുടർന്നു. പോലീസ് പിന്തുടരുന്നതു മനസ്സിലാക്കി പുന്നപ്രയിലെത്തി കിഴക്കോട്ടുള്ള റോഡിലേക്കു തിരിഞ്ഞു. അരക്കിലോമീറ്റർ പിന്നിട്ട് കളരി ക്ഷേത്രത്തിനടുത്തെത്തിയപ്പോഴാണ് നിന്നുപോയത്.