മിഥുന്റെ മരണവിവരം അമ്മയെ അറിയിച്ചു; സംസ്‌കാരം അമ്മ നാട്ടിലെത്തിയ ശേഷം

കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മരണവിവരം അമ്മയെ അറിയിച്ചു. വിദേശത്തുള്ള അമ്മ സുജ നാളെ നാട്ടിലെത്തിയ ശേഷമായിരിക്കും മിഥുന്റെ സംസ്‌കാരം നടക്കുക. കുവൈത്തില്‍ വീട്ടുജോലിക്കായി പോയതായിരുന്നു മിഥുന്റെ അമ്മ. എന്നാല്‍ സുജ വീട്ടുജോലിക്കായി പോയ കുടുംബം തുര്‍ക്കിയില്‍ വിനോദയാത്രയ്ക്കായി പോയിരിക്കുകയായിരുന്നു. ഇവരോടൊപ്പമാണ് സുജയും ഉള്ളത്.

തുര്‍ക്കിയില്‍ നിന്ന് ഇന്ന് തന്നെ കുവൈത്തില്‍ എത്തിക്കും. അവിടെ നിന്ന് പേപ്പറൊക്കെ ശരിയാക്കിയ ശേഷം കൊച്ചിയിലെത്തും. അങ്ങനെയെങ്കില്‍ മിഥുന്റെ സംസ്‌കാരം നാളെ നടക്കും.സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്ന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. പ്രാഥമിക റിപ്പോര്‍ട്ടില്‍ അനാസ്ഥയുണ്ടെന്ന് കണ്ടെത്തിയിരുന്നു. സ്‌കൂള്‍ അധികൃതരുടെയും കെഎസ്ഇബിയുടെയും വീഴ്ച ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ ഇന്നും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും.

സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു.