റോഡുകളിലെ മഞ്ഞ ബോക്സുകൾ പലരും കണ്ടിട്ടുണ്ടാവും. ജംഗ്‍ഷനുകളിലും മറ്റുമാകും ഇവ അധികവും കണ്ടിട്ടുണ്ടാകുക. എന്നാൽ ഈ മാർക്കിങ് എന്തിനാണെന്ന് ആർക്കൊക്കെ അറിയാം?

തിരക്കുള്ള ജംഗ്ഷനുകളിൽ തടസ്സം കൂടാതെ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കുന്നതിനും, ട്രാഫിക് തടസ്സങ്ങൾ സ്വയം നിയന്ത്രിക്കുന്നതിനും വേണ്ടി ക്രമീകരിച്ചിരിക്കുന്നതാണ് യെല്ലോ ബോക്സ് അഥവാ മഞ്ഞനിറത്തിലുള്ള കളങ്ങളോടുകൂടിയ റോഡ് മാർക്കിങ്ങുകൾ. റോഡ് മാർക്കിങ്ങുകളിലെ മഞ്ഞനിറം എന്നത് അതീവ പ്രാധാന്യമുള്ളതും, അപകടത്തിലേക്ക് നയിച്ചേക്കാവുന്നതുമായ കാര്യത്തെ സൂചിപ്പിക്കുന്നതാണ്. ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് സൗകര്യം കുറവുള്ളതോ, രണ്ടോ അതിലധികമോ പ്രധാന റോഡുകൾ സംഗമിക്കുന്ന സ്ഥലങ്ങളിലോ, ട്രാഫിക് സിഗ്നൽ ലൈറ്റുകൾക്ക് ശേഷമോ ആണ് ഈ സംവിധാനം പൊതുവേ കാണപ്പെടുന്നത്. ബോക്സ് മാർക്കിംഗിൻ്റെ ഗണത്തിൽ പെട്ട ( IRC Code BM-06) മാർക്കിംഗ് ആണ് ഇത്. ഒരേ ദിശയിൽ വരുന്ന വാഹനങ്ങൾ യെല്ലോ ബോക്സ് ഏരിയയിൽ നിർത്തേണ്ടി വരില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഡ്രൈവർമാർ അവിടേക്ക് പ്രവേശിക്കാൻ പാടുള്ളൂ എന്നതാണ് ഇതിന്റെ ലളിതമായ തത്വം. അതായത് ഡ്രൈവർമാർ സ്വയം നിയന്ത്രിച്ച് ട്രാഫിക് തടസ്സം ഒഴിവാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഒരു കാരണവശാലും അവിടെ വാഹനം നിർത്താനോ പാർക്ക് ചെയ്യാനോ അനുവാദമില്ല. അങ്ങനെ ചെയ്യുന്നത് ശിക്ഷാർഹവുമാണ്. ചുരുക്കി പറഞ്ഞാൽ ട്രാഫിക് തിരക്കുകൾ സ്വയം നിയന്ത്രിക്കാൻ പ്രാപ്തിയുള്ള പരിഷ്കൃത സമൂഹത്തിന്റെ മുഖമുദ്രയാണ് യെല്ലോ ബോക്സ് മാർക്കിങ്ങുകൾ.
#keralapolice