ഈരാറ്റുപേട്ടയിൽ ദമ്പതിമാർ
ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യൂത്ത് കോൺഗ്രസ് രാമപുരം മുൻ മണ്ഡലം പ്രസിഡന്റ് വിഷ്ണു എസ് നായർ (36), ഭാര്യ രശ്മി സുകുമാരൻ (34) എന്നിവർ മരിച്ചത് ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണി മൂലമാണെന്നാണ് പരാതി. കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ യുവാക്കൾ ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും വിഷ്ണുവിനെ മർദിച്ചെന്നുമാണ് വിവരം.
ഹോസ്റ്റലിൽ താമസിക്കുന്ന രശ്മിയെ അവിടെയെത്തി അവഹേളിച്ചെന്നും കുടുംബാംഗങ്ങൾ പറയുന്നു. കൈകൾ ടേപ്പ് ഉപയോഗിച്ച് കെട്ടിയനിലയിലായിരുന്നു വിഷ്ണുവിന്റെയും രശ്മിയുടെയും മൃതദേഹം. മരുന്നു കുത്തിവച്ചാണ് ഇവർ മരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ബ്ലേഡ് മാഫിയയുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ ആരോപണം പൊലീസ് അന്വേഷിക്കും. ഇതിന്റെ ഭാഗമായി വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.
ഈരാറ്റുപേട്ട പനക്കപാലത്ത് വാടകയ്ക്ക് താമസിക്കുന്ന വിഷ്ണുവിനെയും രശ്മിയേയും തിങ്കളാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. വിഷ്ണു വിവിധ സ്ഥാപനങ്ങളുടെ നിർമാണ ജോലികൾ കരാറെടുത്ത് ചെയ്തുവരികയായിരുന്നു. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടായിരുന്നു രശ്മി. ഡൽഹിയിലായിരുന്നു രശ്മി ഈയിടെയാണ് നാട്ടിലെത്തിയത്.