കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വരുന്ന അഞ്ചു ദിവസത്തേക്ക് ശക്തമായ ഒറ്റപ്പട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിലും നാളെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

തിങ്കളാഴ്ച വരെ കേരളത്തിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാനുള്ള സാധ്യതയും പ്രവചിക്കുന്നു. ഗംഗാതടത്തിൽ പശ്ചിമ ബംഗാളിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാവുന്നത്.

ഇന്ന് വടക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.