ഇനി റെയിൽവേ സേവനങ്ങൾക്കെല്ലാം പല ആപ്പിൽ കയറി ഇറങ്ങണ്ട: എല്ലാം ഇനി ഒരൊറ്റ ആപ്പിൽ‌

റിസർവ്ഡ്, അൺ റിസർവ്ഡ്, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, ട്രെയിൻ എവിടെയെത്തി, പി.എൻ.ആർ സ്റ്റാറ്റസ് എന്താണ്, കോച്ച് പൊസിഷൻ അങ്ങനെ പല വിവരങ്ങൾക്ക് പല ആപ്പുകളായിരുന്നു റെയിൽവേക്ക്. ഇനി പല ആപ്പുകളി‍ൽ കയറി ഇറങ്ങണ്ട എല്ലാം ഒരൊറ്റ ആപ്പിൽ ലഭിക്കും. ഒരു സൂപ്പർ‌ ആപ്പ് പുറത്തിറക്കി റെയിൽവേ.

ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതൽ ട്രെയിൻ യാത്രയെക്കുറിച്ചുള്ള ഫീഡ് ബാക്ക് നൽകുന്നത് വരെ ഇനി ഈ ആപ്പിലൂടെ നിർവഹിക്കാം. എല്ലാം ഒറ്റയിടത്തു കിട്ടുന്ന ഈ ആപ്പിന് റെയിൽ വൺ എന്നാണ് പേരിട്ടിരിക്കുന്നത്.റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവാണ് ആപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ആപ്പിൾ സ്റ്റോർ, ഗൂഗ്ൾ പ്ലേ സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ഡൗൺലോ‍ഡ് ചെയ്യാൻ സാധിക്കുന്ന ആപ്പിൽ റിസർവ്ഡ്, അൺ റിസർവ്ഡ്, പ്ലാറ്റ്ഫോം ടിക്കറ്റുകൾ എന്നിവ എടുക്കാനും ട്രെയിൻ എവിടെയെത്തി, പി.എൻ.ആർ സ്റ്റാറ്റസ് എന്താണ്, കോച്ച് പൊസിഷൻ തുടങ്ങിയ വിവരങ്ങൾ അറിയാനും സാധിക്കും. ഭക്ഷണം ഓർഡർ ചെയ്യാനും റീഫണ്ട് ലഭിക്കാനുള്ള അപേക്ഷ നൽകാനും പരാതികൾ സമർപ്പിക്കാനും ഈ ആപ്പിലൂടെ തന്നെ സാധിക്കും. .ട്രെയിനിലൂടെയുള്ള ചരക്കുനീക്കത്തിന്റെ വിവരങ്ങളും ആപ്പിലൂടെ അറിയാം സാധിക്കും.

മൊബൈൽ നമ്പരോ ഐ.ആർ.സി.ടി.സി ക്രെഡൻഷ്യൽസോ ഉപയോ​ഗിച്ച് ആപ്പിൽ ലോ​ഗിൻ ചെയ്ത് ഉപയോ​ഗിക്കാൻ സാധിക്കും. ആർ വാലറ്റ് (റെയിൽവേ വാലറ്റ്) സൗകര്യവും ആപ്പിൽ ലഭ്യമാകും.