അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലം സ്വദേശിനി അതുല്യ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്ന സതീഷിനെ ഇന്ന് കമ്പനി രേഖാമൂലം പിരിച്ചുവിടല്‍ കത്ത് നല്‍കുകയായിരുന്നു. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ വീഡിയോകളും പരിഗണിച്ചാണ് കമ്പനിയുടെ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.അതേസമയം അതുല്യയുടെ മരണം കൊലപാതകമാണെന്ന് കാട്ടി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഇന്ന് പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചു. അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ വിവരങ്ങളും മുന്‍പുണ്ടായ ഗാര്‍ഹിക പീഡന കേസിന്റെ വിവരങ്ങളും കുടുംബം കോണ്‍സുലേറ്റിന് കൈമാറും.