കിളിമാനൂർ..പ്ലസ് വൺ വിദ്യാർഥിനിക്കും അധ്യാപകനുമെതിരെ വ്യാജ പ്രചാരണം നടത്തുകയും വ്യാജ പീഡന പരാതി നൽകുകയും ചെയ്ത കേസിൽ പ്രതിയായ അധ്യാപികയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് തിരുവനന്തപുരം പോക്‌സോ കോടതി. കിളിമാനൂർ രാജാ രവിവർമ ഹയർ സെക്കൻഡറി സ്‌കൂളിലെ ഹിന്ദി അധ്യാപിക സി ആർ ചന്ദ്രലേഖയ്ക്കാണ് ഉപാധികളോടെ മുൻകൂർജാമ്യം അനുവദിച്ചത്. അധ്യാപിക തിങ്കൾ രാവിലെ അന്വേഷണ ഉദ്യോഗസ്ഥനുമുമ്പാകെ ഹാജരാകണം. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്യുകയാണെങ്കിൽ 50,000 രൂപയുടെ 2 ആൾജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചു. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ പാടില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. അനുമതി കൂടാതെ സംസ്ഥാനം വിട്ടുപോകരുതെന്നും കോടതി വ്യക്തമാക്കി. അധ്യാപികയ്ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം എസ്‌സി, എസ്ടി നിയമത്തിന്റെ പരിധിയിൽ വരുമെന്നും ഗൗരവമുള്ളതാണെന്നും കോടതി പറഞ്ഞു. ജനുവരിയിൽ വിദ്യാർഥിനി അപസ്മാരം ബാധിച്ച് അവധിയിലായിരുന്ന കാലയളവിലാണ് വ്യാജവാർത്ത പ്രചരിപ്പിച്ചത്. അപമാനഭാരത്താൽ പതിനാറുകാരിയായ വിദ്യാർഥിനിക്ക് പഠനം നിർത്തേണ്ടിവന്നു"