വ്യാജ മോഷണക്കുറ്റം; വീട്ടുടമയെയും കുടുംബത്തെയും പൊലീസുകാരെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബിന്ദു

വ്യാജ മോഷണക്കുറ്റം ആരോപിച്ച വീട്ടുടമയെയും കുടുംബത്തെയും പൊലീസുകാരെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബിന്ദു. മുഖ്യമന്ത്രിക്കും എസ്എസ്ടി കമ്മീഷനിലും ഡിജിപിക്കും നല്‍കിയ പരാതി തനിക്കനുകൂലമാണെന്നും നിലവില്‍ കേസിലെ അന്വേഷണം പൂര്‍ത്തിയായെന്നും നീതിലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിന്ദു പറഞ്ഞു.

ഏപ്രില്‍ 23 നായിരുന്നു വീട്ടുടമ മാല മോഷ്ടിച്ചെന്ന് ആരോപിച്ച് ജോലിക്കാരിയായ ബിന്ദുവിന് 20 മണിക്കൂര്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ മാനസിക പീഡനം നേരിടേണ്ടി വന്നത്. ഉടമ ഓമന ഡാനിയേല്‍ മോഷണക്കുറ്റം ആരോപിച്ചാണ് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തന്റെ രണ്ടരപ്പവന്‍ സ്വര്‍ണം ബിന്ദു മോഷ്ടിച്ചെന്നായിരുന്നു പരാതി. തുടര്‍ന്ന് പേരൂര്‍ക്കട പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലെത്തിച്ച് മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ എസ്‌ഐയെയും ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെയും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.


അതേസമയം, കേസില്‍ പൊലീസുകാരെ പ്രതിയാക്കി എഫ്ഐആര്‍ ഇട്ടു. എസ് ഐ പ്രസാദ് കേസ് രജിസ്റ്റര്‍ ചെയ്തത് അന്വേഷണം നടത്താതെയെന്ന് എഫ്ഐആറില്‍ പറയുന്നു. എസ്.ഐ പ്രസാദും എ.എസ്.ഐ പ്രസന്നകുമാറും ബിന്ദുവിനെ അസഭ്യം പറഞ്ഞെന്നും പൊലീസ് സ്റ്റേഷനില്‍ അന്യായമായി തടങ്കലില്‍ വെച്ചെന്നും എഫ്‌ഐറിലുണ്ട്.

ബിന്ദുവിനെതിരെ വ്യാജ പരാതി നല്‍കിയ ഓമന ഡാനിയല്‍, മകള്‍ നിഷ, പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ SI പ്രസാദ്, ASI പ്രസന്നന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ബിന്ദുവിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.