ആറ്റിങ്ങൽ: അര നൂറ്റാണ്ടിലധികം പഴക്കമുള്ള ആറ്റിങ്ങൽ നഗരസഭ ബസ് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ. കാത്തിരിപ്പ് കേന്ദ്രത്തിന്റെ കോൺക്രീറ്റ് പാളി നിരവധി സ്ഥലത്ത് ഇതിനകം പൊട്ടി പൊളിഞ്ഞു. തൂണുകൾക്കും ബലക്ഷയമുണ്ട്. വിദ്യാർത്ഥികളടക്കം ആയിരക്കണക്കിനാളുകൾ വന്നുപോകുന്നതാണിവിടെ. കാത്തിരിപ്പ് കേന്ദ്രത്തിന് 60 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് വിവരം. ദേശീയപാതയുടെ ഓരത്ത് നഗരസഭാ ബസ് സ്റ്റാൻഡിന്റെ മദ്ധ്യഭാഗത്തെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഇരു വശങ്ങളിലുമായി 8 വീതം തൂണുകളിലായാണ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. കാത്തിരിപ്പ് കേന്ദ്രത്തിന് ബലക്ഷയം കണ്ടെത്തിയതോടെ 20 വർഷം മുമ്പ് തൂണുകളുടെ ചുവട്ടിൽ കോൺക്രീറ്റ് കൂനനിർമിച്ചു. മഴയത്ത് കെട്ടിടം നശിക്കാതിരിക്കാൻ പിന്നീട് ഷീറ്റുകൊണ്ട് മേൽക്കുരയും നിർമ്മിച്ചു. എന്നാൽ ഇതൊന്നും കാത്തിരിപ്പ് കേന്ദ്രത്തെ സംരക്ഷിക്കാൻ പര്യാപ്തമല്ല.
മേൽക്കൂരയും അടരുന്നു
കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കുര അടർന്നു വീണു. അതും അറ്റകുറ്റപണികൾ ചെയ്ത ശേഷം പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചെങ്കിലും വീണ്ടും മേൽക്കൂര ഇടിയാൻ തുടങ്ങി. ഇത് യാത്രക്കാരുടെ മേൽ പതിക്കുന്ന തരത്തിലാണിപ്പോൾ. നാമമാത്രമായ ബസുകൾക്ക് വേണ്ടി നിർമിച്ച ബസ് സ്റ്റാൻഡിലിപ്പോൾ രണ്ട് ജില്ലകളിൽ നിന്നുള്ള സ്വകാര്യ ബസ് സർവീസ് നടത്തുന്നുണ്ട്. ബസുകൾ കടന്നുപോകുമ്പോൾ ഇവിടെ കുലുക്കവും പതിവാണെന്ന് യാത്രക്കാർ പറയുന്നു. സ്ഥല പരിമിതിയിൽ വീർപ്പ് മുട്ടിയിട്ടും ബസ് സ്റ്റാൻഡ് നവീകരിക്കാൻ അധികൃതർക്കായിട്ടില്ല.
നവീകരണം വേണം
പൊതുമരാമത്ത് വകുപ്പ് നിലവിലെ കാത്തിരിപ്പ് കേന്ദ്രം അപകടകരമാണന്ന വിലയിരുത്തൽ നടത്തിയിട്ടുണ്ടെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. സ്റ്റാൻഡിനുള്ളിലെ റോഡ് തകർന്ന് വെള്ളക്കെട്ടും രൂപപ്പെട്ടു. കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിലവിലെ സ്ഥിതി മാറ്റി നവീകരിച്ചാൽ കൂടുതൽ ബസുകൾക്ക് പാർക്ക് ചെയ്യാം. അടിയന്തരമായി കാത്തിരിപ്പ് കേന്ദ്രം നവീകരിച്ചില്ലെങ്കിൽ വൻ ദുരന്തമാകുമെന്നാണ് വിലയിരുത്തൽ.