പാലക്കാട് പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ടുകുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടറിന് മുകളിലേക്ക് ഇന്ധനം വീണ് അപകടമുണ്ടായതാവാമെന്ന സംശയത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്. പെട്രോള്‍ ചോരുന്നതിനിടെ വാഹനം സ്റ്റാര്‍ട്ടാക്കിയപ്പോള്‍ തീ പടര്‍ന്നതാവാമെന്നാണ് നിഗമനം.
അതേസമയം, പൊള്ളലേറ്റ് മരിച്ച കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും. പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍-എല്‍സി ദമ്പതിമാരുടെ മക്കളായ എമിലീന മാര്‍ട്ടിന്‍, ആല്‍ഫ്രഡ് എന്നിവരാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ചിറ്റൂര്‍ അത്തിക്കോട്ടിലിലാണ് അപകടമുണ്ടായത്. അപകടത്തില്‍ മാരകമായി പൊള്ളലേറ്റ എല്‍സിയും എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് കാര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു.
പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ എല്‍സി ജോലികഴിഞ്ഞ് തിരിച്ചെത്തി വീടിനുമുന്നില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നു. ഒരുമണിക്കൂറിനുശേഷം മക്കള്‍ക്കൊപ്പം പുറത്തുപോകാനായി കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തീ പിടിക്കുകയായിരുന്നു. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എല്‍സിയുടെ അമ്മ ഡെയ്സിക്കും പൊള്ളലേറ്റത്.