ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ കാമറ ഘടിപ്പിച്ച കണ്ണടയുമായി പ്രവേശിച്ച ഗുജറാത്ത് സ്വദേശി പിടിയിലായി. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശി സുരേന്ദ്ര (66) ആണ് ഫോർട്ട് പൊലീസിൻ്റെ പിടിയിലായത്. ഇയാൾ ഗൂഗിളിൻ്റെ സ്മാർട്ട് ഗ്ലാസാണ് ഉപയോഗിച്ചത്.
ക്ഷേത്രപ്രവേശന കവാടങ്ങളിലെ സുരക്ഷ പരിശോധനകളിൽ ഇയാൾ ധരിച്ചിരുന്ന സ്മാർട്ട് ഗ്ലാസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടില്ല. ഇന്നലെ വൈകിട്ട് നട അടയ്ക്കുന്നതിന് തൊട്ടുമുൻപാണ് സുരേന്ദ്ര ക്ഷേത്ര ദർശനത്തിനെത്തിയത്. ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് ശ്രീകോവിലിന് സമീപം വരെ എത്തിയപ്പോഴാണ് കണ്ണടയിൽനിന്ന് ലൈറ്റ് മിന്നുന്നത് സുരക്ഷാ ജീവനക്കാർ ശ്രദ്ധിച്ചത്. ഉടൻതന്നെ ഫോർട്ട് പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ച് ഇയാൾ ക്ഷേത്രത്തിലെ ചില ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസിൻ്റെ സാന്നിധ്യത്തിൽ ഇയാൾ ഈ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു. താൻ സ്ഥിരമായി ഉപയോഗിക്കുന്ന കണ്ണടയാണിതെന്നും, ക്ഷേത്രത്തിനുള്ളിൽ ഇത് ഉപയോഗിക്കാൻ പാടില്ലെന്ന് അറിയില്ലായിരുന്നുവെന്നും സുരേന്ദ്ര പൊലീസിനോട് പറഞ്ഞു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചുവെന്ന് ഫോർട്ട് പൊലീസ് എസ്എച്ച്ഒ രാകേഷ് അറിയിച്ചു. സംഭവത്തിൽ ഫോർട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.