തിരുവനന്തപുരം: നഗരസഭയുടെ തെരുവുവിളക്ക് കത്തിയില്ലെങ്കിൽ ഇനി ആരെയും വിളിച്ച് ബുദ്ധിമുട്ടേണ്ട. പൊതുജനങ്ങൾക്ക് നേരിട്ട് പരാതി അറിയിക്കുന്നതിനായി നഗരസഭ ക്യു.ആർ കോഡ് വികസിപ്പിച്ചു.
ആദ്യഘട്ടത്തിൽ 1000 പോസ്റ്റുകളിൽ ക്യു.ആർ കോഡ് സ്ഥാപിക്കും. ഇത് സ്‌കാൻ ചെയ്‌ത് പരാതി നൽകാം. ലൈറ്റ് കേടായ ഫോട്ടോ വേണമെങ്കിലും ലിങ്കിലൂടെ അപ്‌ലോഡ് ചെയ്യാനാകും. ഇത് നഗരസഭയിലെ ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ വഴി കരാർ കമ്പനിക്ക് കൈമാറും. തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തും. സ്മാർട്ട് സിറ്റി വഴിയാണ് പദ്ധതി വികസിപ്പിച്ചത്.
തെരുവ് വിളക്കുകൾ കത്തുന്നുണ്ടോയെന്ന് അറിയാൻ സെൻട്രലൈസ്ഡ് മോണിറ്ററിംഗ് സിസ്റ്റം അഥവാ സി.സി.എം സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണെന്ന് നഗരസഭ അധികൃതർ പറഞ്ഞു. ട്രാൻസ്‌ഫോർമറിലാണ് ഈ സംവിധാനം ഘടിപ്പിക്കുന്നത്. 60 തെരുവ് വിളക്കുകൾ ബന്ധിപ്പിച്ചാണ് ഒരു സി.സി.എം സ്ഥാപിക്കുന്നത്.
മീറ്റർ സംവിധാനമെന്ന നിലയിലാണിത് പ്രവർത്തിക്കുക. ഒരു ലൈറ്റിന് എത്ര വൈദ്യുതി വേണമെന്ന കണക്കിൽ 60 ലൈറ്റിന്റെ വൈദ്യുതി കണക്കുകൂട്ടും. സി.സി.എമ്മിൽ തെരുവ് വിളക്കിന്റെ വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തും. അങ്ങനെ 60 വിളക്കിന്റെ വൈദ്യുതിയിൽ കുറവുണ്ടായാൽ എവിടെയോ തകരാറിലാണെന്ന് മനസിലാകും. അതുവഴി തകരാർ കണ്ടുപിടിക്കാം. ഈ സംവിധാനവും നഗരസഭയിലെ കമാൻഡ് കൺട്രോൾ കേന്ദ്രം വഴിയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. നഗരത്തിൽ കെ.ആർ.എഫ്.ബി, പൊതുമരാമത്ത്,കെ.എസ്.ഇ.ബി എന്നിവരുടെ നിയന്ത്രണത്തിൽ തെരുവ് വിളക്കുകൾ ഉണ്ടെങ്കിലും ഇത്തരം സജ്ജീകരണങ്ങൾ സ്ഥാപിച്ചിട്ടില്ല.
ഇനി തെരുവ് വിളക്ക് കേടായെന്ന പരാതി ലഭിച്ചാൽ 48 മണിക്കൂറിനകം പരിഹരിക്കുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു. പരിഹരിച്ചില്ലെങ്കിൽ കരാർ കമ്പനിക്ക് പിഴ ചുമത്തും. ഒരുലക്ഷം തെരുവ് വിളക്കുകളാണ് നഗരസഭ സ്ഥാപിക്കുന്നത്. ഇതിൽ 98 ശതമാനം സ്ഥാപിക്കുന്ന ജോലികളും പൂർത്തിയായെന്ന് അധികൃതർ വ്യക്തമാക്കി.