മസ്ക് ഉടക്കി നിന്ന ട്രംപിന്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ സെനറ്റിൽ പാസായതിനു പിന്നാലെയാണ് ഇലോൺ മസ്ക് യുഎസ് രാഷ്ട്രീയത്തിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചത്. “നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നൽകുന്നതിനാണ് അമേരിക്ക പാർട്ടി രൂപീകരിച്ചിരിക്കുന്നത്,” മസ്‌ക് എക്‌സിൽ എഴുതി.ഒരു പുതിയ രാഷ്ട്രീയ ബദൽ വേണമോ എന്ന ചോദ്യവുമായി അടുത്തിടെ അദ്ദേഹം നടത്തിയ ഒരു പോളിന്റെ വിവരങ്ങൾ കൂടി പങ്കുവച്ചു കൊണ്ടാണ് പാർട്ടി പ്രഖ്യാപനം നടത്തിയത്. പുതിയൊരു രാഷ്ട്രീയ ബദൽ 2-1 എന്ന അനുപാതത്തിൽ പൊതുജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും മസ്ക് പോസ്റ്റിൽ വ്യക്തമാക്കി.നേരത്തെ തന്നെ മൂന്നാമതൊരു പാർട്ടി ആരംഭിക്കുന്നതിന് പറ്റി മസ്ക് സൂചനകൾ നൽകിയിരുന്നു. ഏകകക്ഷി ഭരണസംവിധാനം ധൂർത്തും അഴിമതിയും കൊണ്ട് യുഎസിനെ പാപ്പരാക്കിയെന്നും നാം ജീവിക്കുന്നത് ജനാധിപത്യത്തിലല്ലെന്നും മസ്ക് വിമർശിച്ചിരുന്നു.
രണ്ട് ദിവസം മുമ്പാണ് ട്രംപിന്റെ 4.5 ട്രില്യൺ യുഎസ് ഡോളറിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ യുഎസ് കോൺഗ്രസ് പാസാക്കിയത്. രാജ്യത്തിന്റെ നികുതിയിൽ പരിഷ്കാരങ്ങൾ വരുത്തുന്നതിനും ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായുമാണ് ബിൽ നിലവിൽ വരുന്നത്. ഈ ബില്ലിനെ ‘വെറുപ്പുളവാക്കുന്ന മ്ലേച്ഛത’യെന്നാണ് മസ്‌ക് അന്ന് എക്സിൽ വിശേഷിപ്പിച്ചത്.