കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ പട്ടിക പുറത്ത്, ഇന്ത്യൻ സമ്പന്ന സംസ്ഥാനം ഗോവ; കേരളം പതിനൊന്നാം സ്ഥാനത്ത്, ബിഹാർ ഏറ്റവും പിന്നിൽ

പ്രതിശീര്‍ഷ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും സമ്പന്ന സംസ്ഥാനമായി ഗോവ. ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷ വരുമാനം രേഖപ്പെടുത്തി ബിഹാര്‍ ഏറ്റവും പിന്നിലായി. 2023-24 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാനങ്ങളുടെ പ്രതിശീര്‍ഷ വരുമാനത്തിന്‌റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ലോക്സഭയില്‍ വിവരങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. 2023-24 വര്‍ഷത്തില്‍ 3.57 ലക്ഷം രൂപയാണ് ഗോവയിലെ ഒരാളുടെ ശരാശരി വരുമാനം. സിക്കിം (2.92 ലക്ഷം രൂപ), ഡല്‍ഹി (2.71 ലക്ഷം രൂപ), ചണ്ഡീഗഢ് (2.56 ലക്ഷം രൂപ), പുതുച്ചേരി (1.45 ലക്ഷം രൂപ) എന്നിവയാണ് ഗോവയ്ക്ക് പിന്നിലുള്ളത്. ഇക്കാലയളവില്‍ കേരളത്തിലെ പ്രതിശീര്‍ഷ വരുമാനം 162040 ആണ്. 11 ആം സ്ഥാനത്താണ് കേരളം. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തെ ജനസംഖ്യ കൊണ്ട് ഹരിച്ചാണ് പ്രതിശീര്‍ഷ വരുമാനം കണ്ടെത്തുന്നത്.


എന്നാല്‍, ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷ വരുമാനമുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ബിഹാറാണ് ഒന്നാമത്, വെറും 32,227 രൂപ മാത്രമാണ് ബിഹാറിലെ ഒരാളുടെ ശരാശരി വരുമാനം. ഉത്തര്‍പ്രദേശ് (50,341 രൂപ), ജാര്‍ഖണ്ഡ് (65,062 രൂപ) എന്നിവയാണ് ബിഹാറിന് തൊട്ടുപിന്നിലെന്നും പ്രതിശീര്‍ഷ വരുമാനം സംബന്ധിച്ച് എം.പി.മാരായ ഗിരിധാരി യാദവ്, ദിനേഷ് ചന്ദ്ര യാദവ് എന്നിവര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി, കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.