ചടയമംഗലം പോരേടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: തമിഴ്നാട് രജിസ്ട്രേഷൻ കാർ പോലീസിന്റെ പിടിയിൽ

ചടയമംഗലം: പോരേടം വെള്ളൂപ്പാറ സ്കൂളിന് സമീപം കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയതായി ഗുരുതരമായ പരാതി. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വെള്ളൂപ്പാറ ചിറക്ക് സമീപം, തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഒരു കാർ സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിക്കൊണ്ടിരുന്ന കുട്ടികളുടെ സമീപത്ത് നിർത്തിയ ശേഷം ബാഗിൽ പിടിച്ചു വലിക്കുകയും, കുട്ടികളെ വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുകയും ചെയ്തു.

കുട്ടികൾ ഉടൻ കുതിച്ചോടി നിലവിളി മുഴക്കിയതിനെ തുടർന്ന്, വാഹനം പള്ളിക്കൽ ഭാഗത്തേക്ക് ഓടിച്ചു പോയതായി നാട്ടുകാർ പറയുന്നു.

വിവരം ലഭിച്ചതോടെ ചടയമംഗലം പോലീസ് സംഘം അടിയന്തരമായി അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, കാറിലെത്തിയവർ കുട്ടികളുടെ ബാഗിൽ പിടിക്കുന്നത് വ്യക്തമായതായി പോലീസ് അറിയിച്ചു.

തുടർന്ന് നടന്ന അന്വേഷണത്തിൽ വാഹനം തമിഴ്നാട് സ്വദേശിയുടേതാണെന്നും, റെന്റ് എ കാർ സർവീസിലൂടെയാണ് ഉപയോഗിച്ചതെന്നും കണ്ടെത്തി. വാഹനത്തിന്റെ ഉടമയെ ഉടൻ ബന്ധപ്പെട്ടു വാടകയ്ക്ക് എടുത്തവരെയും പോലീസ് വർക്കല ഭാഗത്തുനിന്നും കണ്ടെത്തി. ഇവരെ തന്ത്രപൂർവ്വം ചടയമംഗലം പോലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായ ചോദ്യം ചെയ്യൽ ആരംഭിച്ചു.

പ്രാഥമിക അന്വേഷണത്തിൽ, ജടായുപ്പാറ സന്ദർശിക്കാൻ എത്തിയ സംഘമാണെന്നും, കാർ യാത്രക്കാർ മദ്യപിച്ചിരുന്നുവെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിന്റെ എല്ലാ കോണുകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ് പോലീസ്.

പ്രദേശത്തെ രക്ഷിതാക്കളിലും കുട്ടികളിലും ഏറെ ആശങ്കയാണ് സംഭവത്തിന് പിന്നാലെ വ്യാപിച്ചത്. പോലീസ് സുരക്ഷ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.