ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വന്‍സംഘമെന്ന് മ്യൂസിയം പൊലീസ്.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി കൊല്ലം പുനലൂർ അലയമണ്‍ മണക്കാട് പുതുപറമ്പില്‍ ചീട്ടില്‍ മെറിന്‍ ജേക്കബ് (27), തിരുവനന്തപുരം കരകുളം മരുതൂര്‍ ചീനിവിള പാലയ്ക്കാടു വീട്ടില്‍ വസന്ത (76) എന്നിവരാണ് അറസ്റ്റിലായത്.
അമേരിക്കക്കാരി ഡോറയായി വന്ന മരുതൂർക്കാരി വസന്ത
തിരുവനന്തപുരം ജവഹർ നഗർ സ്വദേശിനിയും അമേരിക്കയിൽ സ്ഥിരതാമസക്കാരിയുമായ ഡോറ അസറിയ ക്രിപ്പ്സ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ് വീടും സ്ഥലവും. ഡോറയോടു രൂപസാദൃശ്യമുള്ള വസന്തയെ കണ്ടെത്തിയാണ് സംഘം തട്ടിപ്പു നടത്തിയത്. ഡോറയുടെ വളര്‍ത്തു മകളെന്ന വ്യാജേന മെറിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്തായിരുന്നു തട്ടിപ്പ്.ഡോറയുടെ പേരിലുള്ള വീട് ഇവരുടെ അറിവോ സമ്മതമോ ഇല്ലാതെ കഴിഞ്ഞ ജനുവരിയിൽ മെറിന് ഇഷ്ടദാനം നൽകിയതായി വ്യാജരേഖ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.
തട്ടിപ്പിൽ യുവതിയും വയോധികയും
മെറിന്‍ ജേക്കബിനേയും വസന്തയെയും ഉപയോഗിച്ച തട്ടിപ്പ് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് നടത്തിയത്.പിടിയിലായ രണ്ടു സ്ത്രീകളെ പണം വാഗ്ദാനം ചെയ്ത് സംഘം തട്ടിപ്പില്‍ പങ്കാളികളാക്കി എന്നാണ് പൊലീസ് കരുതുന്നത്.വസ്തുവിന്റെ മേല്‍നോട്ടത്തിനു ഡോറ ചുമതലപ്പെടുത്തിയിരുന്ന കെയര്‍ടേക്കര്‍ കരം അടയ്ക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
തുടർന്ന് മ്യൂസിയം പോലീസിന് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തവെയാണ് വ്യാജ പ്രമാണവും വ്യാജ ആധാർ കാർഡും കണ്ടെത്തിയത്. രജിസ്ട്രാർ ഓഫീസിലെ റെക്കോർഡ്സ് വിശദമായി പരിശോധിച്ച് അതിലെ വിരലടയാളങ്ങൾ കേന്ദ്രീകരിച്ച് ഫിംഗർപ്രിന്റ് ബ്യൂറോയുടെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.
വ്യാജ രേഖ ചമച്ചതാര് ?
പിടിയിലായ സ്ത്രീകള്‍ക്ക് വ്യാജരേഖ ഉള്‍പ്പെടെ ഉണ്ടാക്കാന്‍ വലിയതോതില്‍ സഹായം കിട്ടിയിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാജരേഖകള്‍ ഉപയോഗിച്ച് വസ്തു റജിസ്‌ട്രേഷന്‍ നടത്തിയതില്‍ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
അമേരിക്കയിലുള്ള ഡോറ അറിയാതെ വീടും സ്ഥലവും റജിസ്‌ട്രേഷന്‍ നടത്തിയത് ജനുവരിയിലാണ്. ശാസ്തമംഗലം റജിസ്ട്രാര്‍ ഓഫിസില്‍ ഡോറയെന്ന പേരില്‍ എത്തി പ്രമാണ റജിസ്‌ട്രേഷന്‍ നടത്തി മെറിനു വസ്തു കൈമാറിയത് വസന്തയാണ്. മെറിനും വസന്തയ്ക്കും തമ്മില്‍ പരിചയമുണ്ടായിരുന്നില്ല. റജിസ്റ്റര്‍ ചെയ്തു കിട്ടിയ വസ്തു ജനുവരിയില്‍ തന്നെ ഒന്നരക്കോടി രൂപയ്ക്ക് ചന്ദ്രസേനന്‍ എന്നയാള്‍ക്ക് മെറിന്‍ വിലയാധാരം എഴുതി കൊടുത്തിരുന്നു. ജോലി ചെയ്യുന്ന സ്വകാര്യസ്ഥാപനത്തില്‍വച്ച് പരിചയപ്പെട്ട കുടുംബസുഹൃത്താണ് മെറിനെ തട്ടിപ്പ് സംഘത്തിലേക്ക് എത്തിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്.
വിരലടയാളത്തിൽ നിന്ന് പ്രതികളിലേക്ക്
തട്ടിപ്പിനായി മെറിന്റെ ആധാര്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കിയിരുന്നു. ആധാര്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മെറിന്‍ പിടിയിലായത്. മ്യൂസിയം പൊലീസ് വ്യാജ പ്രമാണം, വ്യാജ ആധാര്‍ കാര്‍ഡ്, എന്നിവ കണ്ടെത്തുകയും റജിസ്ട്രാര്‍ ഓഫീസിലെ രേഖകൾ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ സഹായത്താല്‍ വിരലടയാളങ്ങള്‍ പരിശോധിച്ച് പ്രതികളിലേക്ക് എത്തുകയായിരുന്നു.
രണ്ടു പേരിൽ നിർത്തുമോ പോലീസ് ?
മെറിനെയും വസന്തയെയും ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും മ്യൂസിയം സിഐ വിമല്‍ മാധ്യമങ്ങളോട് പറഞ്ഞു.കന്റോൻമെന്റ് അസിസ്റ്റന്റ് കമ്മീഷണർ സ്റ്റുവെര്‍ട്ട് കീലറിന്റെ നേതൃത്വത്തില്‍ സിഐ വിമല്‍, എസ്‌ഐമാരായ വിപിന്‍, ബാലസുബ്രഹ്മണ്യന്‍, സിപിഒമാരായ ഉദയന്‍, രഞ്ജിത്, ഷിനി, ഷംല, അരുണ്‍, അനൂപ്, സാജന്‍, പത്മരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കുടുക്കിയത്.