വിക്ടർ ജോർജ്: മഴയും ക്യാമറയും ജീവിതവും...ഇന്ന് ജൂലൈ 9 മലയാളികളുടെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫറുടെ ഓർമ്മ ദിനം..

1955 ഏപ്രിൽ 10-ന് ജനിച്ച വിക്ടർ ജോർജ്, മലയാള മനോരമയുടെ ചീഫ് ഫോട്ടോഗ്രാഫർ എന്ന നിലയിൽ കേരളത്തിന്റെ ദൃശ്യമാധ്യമ ചരിത്രത്തിൽ തന്റേതായ ഒരിടം നേടിയ വ്യക്തിത്വമാണ്. 

മഴയെ ഇത്രയധികം പ്രണയിച്ച മറ്റൊരു ഫോട്ടോഗ്രാഫർ മലയാളികൾക്കിടയിൽ ഉണ്ടാകില്ല എന്ന് പലരും പറയാറുണ്ട്. മഴയുടെ വിവിധ ഭാവങ്ങൾ തന്റെ ക്യാമറയിൽ ഒപ്പിയെടുക്കുന്നതിൽ അദ്ദേഹത്തിന് പ്രത്യേക വൈഭവമുണ്ടായിരുന്നു. 

"ഇറ്റ്സ് റെയിനിംഗ്" എന്ന പേരിൽ അദ്ദേഹത്തിന്റെ മഴച്ചിത്രങ്ങളുടെ ഒരു പുസ്തകം മരണാനന്തരം പ്രസിദ്ധീകരിക്കുകയുണ്ടായി.
ചിത്രങ്ങൾ പകർത്തുന്നതിൽ വിക്ടറിന് തന്റേതായ ഒരു ശൈലിയുണ്ടായിരുന്നു. ആവശ്യത്തിലേറെ വെളിച്ചം കടത്തിവിട്ട് ചിത്രങ്ങളെ വെളുപ്പിക്കുന്ന രീതി അദ്ദേഹത്തിനില്ലായിരുന്നു. ഒരു പോയിന്റ് വെളിച്ചം കുറച്ച് ചിത്രങ്ങൾ എടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി, അത് ചിത്രങ്ങൾക്ക് കൂടുതൽ ആഴം നൽകുമെന്ന് അദ്ദേഹം വിശ്വസിച്ചു. 

ഡിജിറ്റൽ ക്യാമറകൾ വ്യാപകമാകുന്നതിന് മുമ്പുള്ള ഫിലിം യുഗത്തിലെ ഫോട്ടോഗ്രാഫറായിരുന്നു അദ്ദേഹം. നെഗറ്റീവ് കാണുംവരെ ഉള്ളിലൊരു നീറ്റൽ അദ്ദേഹത്തിനുണ്ടായിരുന്നതായി സഹപ്രവർത്തകർ ഓർക്കുന്നു.

അവസാനത്തെ ഫ്രെയിമും ദുരന്തവും: 

2001 ജൂലൈ 9, തിങ്കളാഴ്ചയായിരുന്നു ആ ദുരന്തദിനം. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് ഉടുമ്പന്നൂർ പഞ്ചായത്തിലെ വെണ്ണിയാനി മലയിൽ ഉരുൾപൊട്ടിയെന്ന വാർത്തയറിഞ്ഞ്, ആ ദൃശ്യങ്ങൾ പകർത്താൻ വിക്ടർ ജോർജ് അങ്ങോട്ട് തിരിച്ചു. പ്രകൃതിയുടെ സംഹാരഭാവങ്ങൾ ക്യാമറയിൽ ഒപ്പിയെടുക്കാൻ അദ്ദേഹം എന്നും ആവേശം കാണിച്ചിരുന്നു. 

"ഉരുൾപൊട്ടി മണ്ണിളകി വരുന്നത് ഞാൻ ഒരിക്കൽ ക്യാമറയിലാക്കും" എന്ന് അദ്ദേഹം പലപ്പോഴും സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും, അതിനൊരു അവസരം കാത്തിരിക്കുകയായിരുന്നു എന്നും പറയപ്പെടുന്നു.

അന്ന്, തോരാതെ പെയ്ത മഴയിൽ, ഉരുൾപൊട്ടിയ വഴിയിലൂടെ, ഉരുൾപൊട്ടലിന്റെ ഉറവിടം തേടി വിക്ടർ മലകയറി. നിമിഷങ്ങൾക്കകം രണ്ടാമതും ഒരു ഉരുൾപൊട്ടലുണ്ടായി. കുത്തിയൊലിച്ച് വന്ന കല്ലും വെള്ളവും നിറഞ്ഞ ഉരുളിലേക്ക് വിക്ടർ മറിഞ്ഞു വീണു. മണ്ണിനടിയിൽ അകപ്പെട്ട അദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഉടനടി ആരംഭിച്ചു.

രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ, ജൂലൈ 11-നാണ് വിക്ടർ ജോർജിന്റെ ഭൗതികശരീരം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്ന നിക്കോൺ എഫ്.ഐ ക്യാമറയും സമീപത്ത് നിന്ന് കണ്ടെടുത്തിരുന്നു. വിക്ടറിന് ഏറ്റവും ഇഷ്ടപ്പെട്ട ഈ ക്യാമറയിൽ അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങൾ, ഒരുപക്ഷേ ഉരുൾപൊട്ടലിന്റെ ദൃശ്യങ്ങൾ പോലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. 

ഉരുൾപൊട്ടലിന് പിന്നാലെ, ജൂലൈ 13-ന് പുഴയിലൂടെ ഒഴുകി വന്ന നിലയിൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ ക്യാമറയായ നിക്കോൺ എഫ്.എം-2 ക്യാമറയും നാട്ടുകാർക്ക് ലഭിച്ചു.

കൃത്യനിർവഹണത്തിനിടയിൽ മരണം കീഴടക്കിയ ആദ്യ മലയാളി പത്രപ്രവർത്തകൻ എന്ന നിലയിൽ വിക്ടർ ജോർജ് എന്നും ഓർമ്മിക്കപ്പെടുന്നു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ ചരിത്രശേഖരമായ വാഷിംഗ്ടണിലെ 'ന്യൂസിയ'ത്തിലെ ജേണലിസ്റ്റ് മെമ്മോറിയൽ വോളിൽ, ജോലിക്കിടെ ജീവൻ നഷ്ടപ്പെട്ട മാധ്യമപ്രവർത്തകർക്ക് ആദരമർപ്പിച്ച് വിക്ടർ ജോർജിന്റെ പേരും ആലേഖനം ചെയ്തിട്ടുണ്ട്.

വിക്ടർ ജോർജിന്റെ മകൻ നീൽ വിക്ടറും ഒരു ഫോട്ടോഗ്രാഫറാണ്. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്ത നീൽ, അച്ഛന്റെ പാത പിന്തുടർന്ന് ഫോട്ടോഗ്രഫി രംഗത്ത് സജീവമാണ്. ഓരോ മഴക്കാലത്തും, മഴയെ പ്രണയിച്ച് മഴയിൽ മാഞ്ഞുപോയ ആ അതുല്യ കലാകാരനെ മലയാളികൾ ഒരു നൊമ്പരമായി ഓർക്കുന്നു...