വർക്കലയിൽ 9കാരൻ ഉൾപ്പെടെ 3പേർക്ക് തെരുവ് നായയുടെ കടിയേറ്റു

വർക്കല: പുല്ലാന്നികോട് ജംഗ്ഷനിൽ തെരുവ് നായ ആക്രമണത്തിൽ ഒൻപത് വയസുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് കടിയേറ്റു.കഴിഞ്ഞദിവസം വൈകിട്ടോടെയായിരുന്നു സംഭവം. വർക്കല പുല്ലാന്നികോട് സ്വദേശികളായ കാശി (9),പുത്തൻവിളയിൽ ലളിതാംബിക (62),പ്ലാവിള വീട്ടിൽ ബീന(56) എന്നിവർക്കാണ് കടിയേറ്റത്.പഠനം കഴിഞ്ഞ് നടന്നുവന്ന പുല്ലാന്നികോട് സ്വദേശിയായ ഷംസീർ(19) എന്ന വിദ്യാർത്ഥിയെ നായ കടിക്കാൻ ശ്രമിച്ചെങ്കിലും ബാഗ് കൊണ്ട് നായയെ അടിച്ചോടിച്ചതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു.

വർക്കല പുല്ലാന്നികോട് സ്വദേശി ജെയ്സന്റെ മകൻ കാശിയെയാണ് നായ ആദ്യം ആക്രമിച്ചത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന കുട്ടിയെ റോഡിൽ നിന്ന നായ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. കാലിലാണ് കടിയേറ്രത്. കുട്ടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. റോഡിലൂടെ നടന്ന് പോകുകയായിരുന്ന മറ്റുള്ളവരെയും നായ ആക്രമിച്ചു. നായയുടെ കടിയേറ്റ് ലളിതാംബികയുടെ കാലിലെ മാംസമിളകി മാറിയ നിലയിലാണ്.ബീനയുടെ കഴുത്തിലും കാലിലും കൈയിലും ആഴത്തിൽ മുറിവേറ്റു.കടിയേറ്റ മൂന്നുപേരും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പരിക്കുകൾ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രദേശത്ത് കഴിഞ്ഞ കുറച്ച് മാസങ്ങളായി തെരുവ് നായയുടെ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നതായി നാട്ടുകാർ പറയുന്നു. വിഷയത്തിൽ അടിയന്തര നടപടി അധികൃതർ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.