പസഫിക് സമുദ്രത്തിൽ സ്പ്ലാഷ് ഡൗൺ; ബഹിരാകാശം കീഴടക്കി ശുഭാംശു ശുക്ല തിരിച്ചെത്തി! ആക്സിയം 4 ഡ്രാഗണ്‍ പേടകം വിജയകരമായി ഭൂമിയിലിറങ്ങി

കാലിഫോര്‍ണിയ: ആഗ്രഹങ്ങൾക്ക് അതിരില്ല എന്ന് തെളിയിച്ചുകൊണ്ട് ബഹിരാകാശവും കീഴടക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയെ വഹിച്ചു കൊണ്ടുള്ള ഡ്രാഗൺ പേടകം ഭൂമിയില്‍ തിരിച്ചെത്തി. ആക്സിയം 4 ദൗത്യത്തിലെ ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം കാലിഫോര്‍ണിയ തീരത്ത് വിജയകരമായി ഇറങ്ങി. ശുഭാംശുവിന് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. ഡ്രാഗണ്‍ പേടകം വീണ്ടെടുത്ത് സ്പേസ് എക്‌സിന്‍റെ എംവി ഷാനോൺ കപ്പല്‍ കരയ്‌ക്കെത്തിക്കും.