ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലില്‍ മുട്ടുകുത്തി ആരോഗ്യവകുപ്പ്. മൂന്ന് മാസമായി കത്തെഴുത്തി കാത്തിരുന്നിട്ടും ലഭിക്കാതിരുന്ന ശസ്ത്രക്രിയ ഉപകരണങ്ങള്‍ മൂന്ന് ദിവസം കൊണ്ട് ആശുപത്രിയിലെത്തി. ഇതോടെ കൊല്ലം സ്വദേശിയും തിരുവനന്തപുരം വെള്ളായണി കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുമായ 23കാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ഈ യുവാവിന്റേതടക്കം നാല് ശസ്ത്രക്രിയകളാണ് ഇന്ന് മെഡിക്കല്‍ കോളേജില്‍ നടന്നത്.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കടുത്ത വേദനയെ തുടര്‍ന്നാണ് 23കാരനായ യുവാവ് യൂറോളജി വിഭാഗത്തില്‍ ചികിത്സ തേടിയത്. ശസ്ത്രക്രിയ തീരുമാനിച്ചെങ്കിലും അവസാന നിമിഷം ഉപകരണം തകരാറിലായതിനെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. ഈ സംഭവമായിരുന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗുരുതര പ്രതിസന്ധിയെക്കുറിച്ച് തുറന്നുപറയാന്‍ ഡോ. ഹാരിസ് ചിറയ്ക്കലിനെ നിര്‍ബന്ധിതനാക്കിയത്. മകന്റെ പ്രായത്തിലുള്ള യുവാവിന്റെ ശസ്ത്രക്രിയ അവസാന നിമിഷം മുടങ്ങിയത് ഏറെ വേദനിപ്പിച്ചതായി ഹാരിസ് ചിറയ്ക്കല്‍ വെളിപ്പെടുത്തിയിരുന്നു. കടുത്ത വേദന കടിച്ചമര്‍ത്തിയായിരുന്നു യുവാവ് പരീക്ഷകള്‍ എഴുതിയിരുന്നതെന്നും ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞിരുന്നു. ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.