ഇന്ത്യൻ ടീമില്‍ 2 മാറ്റങ്ങള്‍ ഉറപ്പ്, ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് ഇന്ന് ലോര്‍ഡ്സില്‍ തുടക്കം; സാധ്യതാ ഇലവന്‍

ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ലോർഡ്സിൽ തുടക്കമാവും. ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കാണ് കളി തുടങ്ങുക. ലീഡ്സിൽ ജയിച്ച ഇംഗ്ലണ്ടും എഡ്ജ്ബാസ്റ്റണിൽ തകർപ്പൻ വിജയം നേടിയ ഇന്ത്യയും അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ മുന്നിലെത്താൻ ലോർഡ്സിൽ നേർക്കുനേർ ഇറങ്ങുമ്പോള്‍ പോരാട്ടം ആവേശകരമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
എഡ്‌ജ്‌ബാസ്റ്റണിലെ വമ്പൻ തോൽവിയിൽ പാഠംപഠിച്ച ഇംഗ്ലണ്ട് ഇന്ത്യയെ നേരിടാൻ ലോർഡ്സിൽ ഒരുക്കിയിരിക്കുന്നത് പേസും ബൗൺസും സ്വിംഗുമുളള പിച്ച്. ജീവനുള്ള പിച്ചിന്‍റെ ആനുകൂല്യം മുതലെടുത്ത് ഇന്ത്യയെ ചുരുട്ടിക്കെട്ടാമെന്നാണ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ. ഏത് പിച്ചിലെ വെല്ലുവിളികളും നേരിടാൻ സജ്ജമെന്ന മറുപടിയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പേസ് ബാറ്ററിക്ക് കരുത്ത് പകരാൻ ജസ്പ്രീത് ബുമ്ര വിശ്രമം കഴിഞ്ഞ് തിരിച്ചെത്തുന്നത് ഇന്ത്യക്ക് കരുത്താവും. ബുമ്ര തിരിച്ചെത്തുമ്പോള്‍ സ്ഥാനം നഷ്ടമാവുക പ്രസിദ്ധ് കൃഷ്ണക്കാവുമെന്നാണ് കരുതുന്നത്.