മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ അപമാനിച്ച സംഭവം : വീട്ടുടമയ്‌ക്കെതിരെ കേസെടുക്കണം’; SC/ST കമ്മിഷന്‍ ഉത്തരവ്

തിരുവനന്തപുരത്ത് മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ അപമാനിച്ച സംഭവത്തില്‍ വ്യാജ പരാതി നല്‍കിയ വീട്ടുടമയ്‌ക്കെതിരെ കേസെടുക്കും. എസ്സി – എസ്ടി കമ്മിഷനാണ് വീട്ടുടമ ഓമന ഡാനിയലിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. പീഡനത്തിന് ഇരയായ ബിന്ദുവിന്റെ പരാതിയിലാണ് നടപടി.

അമ്പലമുക്കില്‍ വീട്ടു വീട്ടുജോലിക്ക് നിന്ന ബിന്ദുവിനെതിരെ ഉടമ മോഷണക്കുറ്റം ആരോപിച്ച് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. രണ്ടരപ്പവന്‍ സ്വര്‍ണം ബിന്ദു കവര്‍ന്നെടുത്തു എന്നായിരുന്നു പരാതി. പിന്നാലെ പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലെത്തിച്ച് അപമാനിക്കുകയായിരുന്നു.ഇതിനു പിന്നാലെ എസ്‌ഐയെയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെയും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിന്ദു മുഖ്യമന്ത്രിക്കും ഡിജിപിക്കു മടക്കം പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഇപ്പോള്‍ യുവതി നല്‍കിയ പരാതിയില്‍ എസ് സി എസ് ടി കമ്മീഷന്‍ ഓമനക്കെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. ദളിത് സ്ത്രീ സ്റ്റേഷനില്‍ അനുഭവിച്ച പീഡനം കാണാതിരിക്കാന്‍ ആകില്ലെന്ന് ഉത്തരവില്‍ പറയുന്നു.


ഏപ്രില്‍ 23നാണ് മോഷണക്കുറ്റം ആരോപിച്ച് ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.