ദൈവനാമത്തിൽ നിലമ്പൂരിൻ്റെ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് കോൺ​ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്

തിരുവനന്തപുരം: നിലമ്പൂരിൻ്റെ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് കോൺ​ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും വിഡി സതീശനുമുൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ആര്യാടൻ ഷൗക്കത്തിന് യുഡിഎഫ്, എൽ‌ഡിഎഫ് നേതാക്കൾ ആശംസകൾ നേർന്നു. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് ശേഷം നിയമസഭാ ഹാളിലായിരുന്നു ചടങ്ങ്. ജനങ്ങളുടെ കൂടെയുണ്ടാവുമെന്നും നേരത്തെ പരാജയപ്പെട്ടിട്ടും നിലമ്പൂരിൽ‌ നിന്നും പിൻമാറാതെ നിന്നുവെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
പിതാവിനെ പോലെയുള്ള നിയമസഭാ സാമാജികനാവാനാണ് ശ്രമിക്കുന്നതെന്ന് ആര്യാടൻ ഷൗക്കത്ത്  പ്രതികരിച്ചു. ഇങ്ങോട്ട് പറഞ്ഞയച്ച പാർട്ടിയോടും ജനങ്ങളോടും കൂറുള്ളയാളായി പ്രവർത്തിക്കാൻ ശ്രമിക്കും. യുഡിഎഫ് കൊണ്ടുവന്ന പദ്ധതികൾ പുനരാവഷ്കരിക്കണം, കാട്ടുമൃഗ ശല്യം പരിഹരിക്കണമെന്നും അതിനാണ് പ്രാധാന്യം നൽകുകയെന്നും ആര്യാടൻ പറഞ്ഞു.

വാശിയേറിയ തെരഞ്ഞെടുപ്പാണ് നിലമ്പൂരിൽ നടന്നത്. തുടർഭരണ സാധ്യത ഇടതുമുന്നണി ഉയർത്തിയപ്പോൾ തിരിച്ചുവരവിൻ്റെ പാതയിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 11000 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ വിജയിച്ചത്. അൻവർ കൂടെ മത്സരരംഗത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പിൽ എം സ്വരാജായിരുന്നു ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി.