അപകടം പതിയിരിക്കും; ഹൈറേഞ്ചുകളിലെ വിനോദയാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: മൺസൂൺ എത്തിയതോടെ മഴയും പച്ചപ്പും കോടമഞ്ഞുമെല്ലാം കാണാനായി ഹൈറേഞ്ചുകളിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. ഹൈറേഞ്ചുകളിലെ പരിചിതമല്ലാത്ത, വളവും തിരിവും കയറ്റവും ഇറക്കവുമെല്ലാം നിറഞ്ഞ റോഡുകളിൽ അപകട സാധ്യത വളരെ കൂടുതലാണ്. ആദ്യമായി ഇത്തരം റോഡുകളിൽ വാഹനമോടിക്കുന്നവരാണ് കൂടുതലും അപകടം സൃഷ്ടിക്കുന്നത്. നഗരങ്ങളിലും നിരന്ന പ്രദേശങ്ങളിലെ റോഡുകളിലുമെല്ലാം വാഹനമോടിച്ച് ശീലിച്ചവർ അതേശൈലിയിൽ മലമ്പാതകളിലും ഓടിക്കുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
കുത്തനെയുള്ള കയറ്റവും ഇറക്കവും തീവ്രത ഏറിയ വളവുകളും ഉള്ള റോഡുകളിൽ സൈറ്റ് ഡിസ്റ്റൻസ് (ഡ്രൈവർക്ക് മുന്നിലെ റോഡ് കാണുന്ന ദൂരം, ദൂരക്കാഴ്ച) വളരെ കുറവായിരിക്കും. ഇത്തരം റോഡുകളിൽ അപകട സാധ്യത വളരെ കൂടുതലാണ്. ഹിൽ സ്റ്റേഷൻ റോഡുകളിൽ ‘സൈറ്റ് ഡിസ്റ്റൻസ്’ വളരെ കുറവുമായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ ഡ്രൈവർ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

1. എപ്പോൾ വേണമെങ്കിലും അപകടം ഉണ്ടാകാം എന്ന മുൻവിധിയോടെ തന്നെ വാഹനം ഓടിക്കുക.
2. ഇറക്കത്തിലും കയറ്റത്തിലും ഗിയർ ഡൗൺ ചെയ്ത് വേഗത കുറച്ച് അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കുക.
3. ഗിയർ ഡൗൺ ചെയ്യാതെ, തുടർച്ചയായി ബ്രേക്ക് അമർത്തി വേഗത കുറച്ച് ഇറക്കം ഇറങ്ങുന്നത് ബ്രേക്കിൻ്റെ പ്രവർത്തനക്ഷമത കുറക്കും. തത്ഫലമായി ബ്രേക്ക് ഇല്ലാത്ത അവസ്ഥയുണ്ടാകും (ബ്രേക്ക് ഫേഡിംഗ്).
4. വളവുകളിൽ ഹോൺ മുഴക്കുക.
5. റോഡിലെ മുന്നറിയിപ്പുകളും മറ്റ് അടയാളങ്ങളും ശ്രദ്ധിക്കുക.
6. വളവുകളിൽ വാഹനം പാർക്ക് ചെയ്യരുത്.
7. വളവുകളിൽ ഓവർടേക്ക് ചെയ്യരുത്.
8. കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് മുൻഗണന കൊടുക്കുക
9. വാഹനം നിർത്തിയിടുമ്പോഴെല്ലാം പാർക്കിംഗ് ബ്രേക്ക് ഇടാൻ മറക്കാതിരിക്കുക.
10. മഴയുള്ളപ്പോഴും കോടമഞ്ഞ് മൂലം കാഴ്ച തടസ്സപ്പെടുമ്പോഴും വാഹനം സുരക്ഷിതമായി നിർത്തിയിടുക.
11. രാത്രി കാലങ്ങളിൽ അപരിചിതമായ വഴികളിലൂടെ ഗൂഗിൾ മാപ്പിൻ്റെ സഹായത്താൽ മാത്രം സഞ്ചരിക്കാതിരിക്കുക.
12. യാത്ര തുടങ്ങും മുമ്പ് ടയർ, ബ്രേക്ക്, വൈപ്പർ എന്നിവ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
13. ഫസ്റ്റ് എയ്ഡ് കിറ്റ് കൂടെ കരുതുക.
14. വിശ്രമം ആവശ്യമെന്ന് തോന്നിയാൽ വിശ്രമിക്കുക.