കൈക്കൂലി ഗൂഗിൾ പേയിലൂടെ; വനിതാ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

ഹരിപ്പാട് । ഗൂഗിൾപേ മുഖേന കൈക്കൂലി വാങ്ങിയ വനിതാ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി. 
ഹരിപ്പാട് വില്ലേജ് ഓഫീസറായ പ്രീത.പി.കെ യെ പഴയ സർവ്വേ നമ്പർ നൽകുന്നതിന് ഗൂഗിൾ-പേ വഴി 1,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് വിജിലൻസ് പിടികൂടിയത്. ഹരിപ്പാട് സ്വദേശിയായ പരാതിക്കാരന് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ ആഗ്രി സ്റ്റാക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന ആവശ്യത്തിനായി പരാതിക്കാരന്റെ വസ്തുവിന്റെ പഴയ സർവ്വേ നമ്പർ ആവശ്യമായി വന്നു. പരാതിക്കാരൻ ഹരിപ്പാട് വില്ലേജ് ഓഫീസറായ പ്രീതയുടെ ഔദ്യോഗിക ഫോൺ നമ്പറിൽ വിളിച്ച് വസ്തുവിന്റെ 268 സർവ്വേ നമ്പർ ആവശ്യപ്പെട്ടപ്പോൾ തിരക്കായതിനാൽ അടുത്ത ദിവസം വിളിക്കാൻ പറഞ്ഞിരുന്നു. ഇതനുസരിച്ച് പരാതിക്കാരൻ വില്ലേജ് ഓഫീസറെ ഫോണിൽ വിളിച്ചപ്പോൾ വാട്ട്സ് ആപ്പ് നമ്പർ നൽകിയ ശേഷം വസ്തുവിൻ്റെ വിവരം വാട്ട്സ് ആപ്പിൽ അയക്കാൻ പറയുകയും, ഇതിലേക്ക് ഒരു ഫീസ് അടക്കണമെന്നും, തുക വാട്ട്സ് ആപ്പ് വഴി അറിയിക്കാമെന്നും പറഞ്ഞു. തുടർന്ന് പരാതിക്കാരൻ പഴയ സർവ്വേ നമ്പർ വാട്ട്സ് ആപ്പ് വഴി വില്ലേജ് ഓഫീസർക്ക് അയച്ച് കൊടുത്തപ്പോൾ, ഗൂഗിൾ-പേ നമ്പർ തിരിച്ച് അയച്ച് കൊടുത്ത ശേഷം, അതിൽ 1,000 രൂപ ഇട്ട് കൊടുക്കണമെന്ന് വാട്ട്സ് ആപ്പ് മെസ്സേജ് അയച്ച് ആവശ്യപ്പെട്ടു. കൈക്കൂലി നൽകി കാര്യം സാധിക്കാൻ താല്പര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം ആലപ്പുഴ വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്നലെ ഉച്ചക്ക് രണ്ടിമണിയോടെ പരാതിക്കാരനിൽ നിന്നും ഗൂഗിൾ-പേ വഴി 1,000 രൂപ കൈപ്പറ്റിയ ശേഷം വില്ലേജ് ഓഫീസിന് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് ഹരിപ്പാട് വില്ലേജ് ഓഫീസറായ പ്രീത.പി.കെ യെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിൻ്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ്സ് അഭ്യർത്ഥിച്ചു.